നോ-ഡീല്‍ ബ്രെക്‌സിറ്റ്: ഗ്രീന്‍ കാര്‍ഡ് ഇന്‍ഷുറന്‍സ് കൈയില്‍ കരുതേണ്ടി വരും; അതിര്‍ത്തി പരിശോധനകള്‍ വന്നേക്കാമെന്ന് ഗതാഗത മന്ത്രി

ഡബ്ലിന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റാണ് സംജാതമാകുന്നതെങ്കില്‍ ഐറിഷ് അതിര്‍ത്തി പരിശോധനകള്‍ കഠിനമാകുമെന്ന അഭിപ്രായവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ചരക്കുമായി വരുന്ന വാഹങ്ങള്‍ ഐറിഷ് അതിര്‍ത്തിയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഐറിഷ് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് അഭിപ്രായപ്പെട്ടു. തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.

നോ-ഡീല്‍ ബ്രെക്‌സിറ്റില്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ ഇന്‍ഷുറന്‍സ് പ്രൂഫായ ഗ്രീന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് അയര്‍ലണ്ട് (MIBI) മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ഇരുരാജ്യങ്ങളും ഇയു മോട്ടോര്‍ ഇന്‍ഷുറന്‍സ് ഡയറക്റ്റീവിന്റെ പരിധിയിലായതിനാല്‍ സ്വതന്ത്ര സഞ്ചാരത്തിന് പരിശോധനകള്‍ ആവശ്യമായിരുന്നില്ല. എന്നാല്‍ നിലവിലുള്ള വാഹങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടയിടുന്നതായിരുക്കും നോ-ഡീല്‍ ബ്രെക്‌സിറ്റ്. മാര്‍ച്ച് മുതല്‍ താനങ്ങളുടെ പോളിസി വക്താക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

ചരക്കു ഗതാഗതത്തെയും നോ-ഡീല്‍ ബ്രെക്‌സിറ്റ് ബാധിക്കാനാണ് സാധ്യത. ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് ദിവസവും പ്രോസസിംഗിനായി അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലേക്ക് പോകുന്നത്. 500000 പന്നികളെയാണ് വളര്‍ത്താനും കൊല്ലാനുമായി വര്‍ഷംതോറും വടക്കന്‍ അയര്‍ലണ്ടിലേക്ക് കൊണ്ട് പോകുന്നത്. വ്യോമയാനം, കസ്റ്റംസ്, കാര്‍ബണ്‍ പുറംതള്ളല്‍ വ്യാപാരം തുടങ്ങി 14 ഏരിയകളെ ബ്രക്‌സിറ്റ് ബാധിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഐറിഷുകാര്‍ ജാഗരൂകരുമാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ളവര്‍ ബ്രിട്ടന്റെ പ്രദേശത്തു കൂടി കടന്നു പോകാന്‍ കൂടുതല്‍ നേരം പരിശോധനകള്‍ക്ക് വിധേയനാകേണ്ടി വരുന്നതില്‍ അയര്‍ലണ്ടുകാര്‍ അമര്‍ഷം രേഖപ്പെടുത്തുന്നു. കാര്‍ഷിക കുടുംബങ്ങള്‍ക്ക് വില്പന കേന്ദ്രം പോലും നഷ്ടപെട്ട സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. ബ്രക്‌സിറ്റ് ശക്തിയാര്‍ജ്ജിക്കുന്നതോടെ വടക്കന്‍ അയര്‍ലണ്ടിലും ഇതേ സ്ഥിതി വിശേഷം സ്ഥാപിക്കപെട്ടാല്‍ വടക്കന്‍ കൗണ്ടികളെ ഇത് സാരമായി ബാധിച്ചേക്കും.

ഹാര്‍ഡ്‌ബോര്‍ഡര്‍ ബാക്ക് സ്റ്റോപ്പിനേക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് സൈമണ്‍ കോവ്‌നെയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ കമ്മീഷന് അതിര്‍ത്തിയടക്കമുള്ള ദ്വീപിലെ പ്രശ്‌നങ്ങള്‍ യൂറോപ്യന്‍ കമ്മീഷന് മനസ്സിലായിട്ടുണ്ടെന്നും കോവ്‌നീ വ്യക്തമാക്കി. ബ്രക്‌സിറ്റില്‍ 45ഓളം അടിയന്തര നിയമങ്ങള്‍ കൊണ്ടുവരേണ്ടതായി വരും.ഹെല്‍ത്ത് കെയര്‍ ,ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്,ഏക വൈദ്യുതി വിപണി,ബ്രോഡ്കാസ്റ്റിംഗ്,ഹൗസിംഗ് തുടങ്ങിയവയിലാണ് ഉടന്‍ നിയമങ്ങള്‍ ഉണ്ടാകേണ്ടത്. നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങള്‍ മാറുന്നതോടെ അടിയന്തിര തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകുകയും ക്യാബിനറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും..

ചിലമരുന്നുകള്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ക്കും ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.അതിര്‍ത്തിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഭക്ഷോല്‍പ്പന്നങ്ങളും മൃഗങ്ങളുമൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഈ മേഖലയെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് അയര്‍ലണ്ടാണ്. എന്നാല്‍ അതിനെ വേണ്ടവിധം നേരിടാനുള്ള മുന്നൊരുക്കങ്ങളൊന്നും രാജ്യത്തിന്റെ അജണ്ടയിലില്ല. കഷ്ടപ്പാടുകള്‍ മനസ്സിലാക്കി യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യങ്ങളില്‍ ഇളവ് നല്‍കിയേക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: