നോ-ഡീല്‍ ബ്രെക്‌സിറ്റ്’ അപകടമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

യൂറോപ്യന്‍ യൂണിയനുമായി കരാറുകളൊന്നുമുണ്ടാക്കാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് അപകടമാണെന്ന് യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നീയുടെ പ്രസ്താവന. ഇങ്ങനെ ഇറങ്ങിപ്പോന്നാല്‍ രാജ്യത്ത് വിലക്കയറ്റമുണ്ടാകുമെന്ന് കാര്‍നീ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തെരേസ മേ തയ്യാറെടുക്കവെയാണ് മാര്‍ക്ക് കാര്‍നീയുടെ പ്രസ്താവന വരുന്നത്.

കരാറുകളൊന്നുമില്ലാതെ പിരിയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനും യുകെയും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് കാര്‍നീ പറഞ്ഞു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ എല്ലാത്തരത്തിലും സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കക്ഷികളും നോ ഡീല്‍ ബ്രെക്‌സിറ്റ് തടയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോ ഡീല്‍ ബ്രെക്‌സിറ്റ് എന്നാല്‍ കച്ചവടങ്ങള്‍ക്ക് പ്രതിബന്ധമുണ്ടാകുക എന്നാണെന്ന് കാര്‍നീ വിശദീകരിച്ചു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഗതിമുട്ടുകയും കുറെക്കാലത്തേക്ക് വിലക്കയറ്റമുണ്ടാകുകയും ചെയ്യുമെന്ന് കാര്‍നീ വ്യക്തമാക്കി. സാമ്പത്തികരംഗത്ത് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: