നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞതായി വരേദ്കര്‍; നാളെ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായകം

ബ്രസല്‍സ്: ബുധനാഴ്ച നടക്കുന്ന ഇയു ഉച്ചകോടിക്ക് മുന്‍പായി ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഡീലുകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷകള്‍ മങ്ങി. നോ-ഡീല്‍ ബ്രെക്‌സിറ്റിനെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് ഇയു കൗണ്‍സില്‍ നേതാവ് ഡൊണാള്‍ഡ് ഡസ്‌ക്ക് നല്‍കിക്കഴിഞ്ഞു. കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഐറിഷ് പ്രധാനമന്ത്രി വരേദ്കറും ഇന്നലെ വ്യക്തമാക്കി. പുതിയ ഡീല്‍ നിര്‍മ്മിക്കാനുള്ള ഒക്ടോബറിലെ സമയപരിധി ഡിസംബര്‍ വരെയെങ്കിലും നീട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ അയര്‍ലണ്ടിനും, മറ്റ് ഇയു രാജ്യങ്ങള്‍ക്കും യുകെയ്ക്കും കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബ്രെക്‌സിറ്റ് പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ആലോചിക്കുന്നതിന് വരേദ്കറും ഫിയാന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനും ഇന്നലെ ഡബ്ലിനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ആഴ്ചത്തെ നടക്കുന്ന അന്തിമ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി നാല് റ്റിഡിമാര്‍ അടങ്ങുന്ന ഒരു ടീമിനെ ബ്രസ്സല്‍സിലേക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നത്.

യുകെയില്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് ബ്രെസ്സല്‍സിലെത്തി ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍നിയറുമായി നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം ചില കാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും, പിന്നീട് മൈക്കിള്‍ ബാര്‍ണിയര്‍ പുറത്തിറക്കിയ ട്വീറ്റുകള്‍ പ്രകാരം ചര്‍ച്ചകള്‍ ഫലം കണ്ടില്ല എന്ന് തന്നെ കരുതേണ്ടി വരും. ഐറിഷ് ബോര്‍ഡര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ബാര്‍നിയര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് മുന്‍ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും രംഗത്തെത്തിയത് മെയ് പക്ഷത്തിന് തലവേദനയായിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ താത്കാലികമായി കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തി ബ്രെക്‌സിറ്റ് ഡീല്‍ നേടിയെടുക്കാനുള്ള മേയുടെ ശ്രമങ്ങളാണ് പ്രധാനമായും ബ്രെക്‌സിറ്റ് വാദികള്‍ എതിര്‍ക്കുന്നത്. മേയുടെ നിലവിലെ ബ്രെക്‌സിറ്റ് പദ്ധതി ഉപേക്ഷിക്കണമെന്നാണ് ഡേവിഡ് ഡേവിസ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ച സജീവമാക്കുമെന്നാണ് ഡേവിസ് പറയുന്നത്.

നിര്‍ണായകമായ 48 മണിക്കൂര്‍ ബ്രെക്സിറ്റ് സമ്മേളനം നാളെ ബ്രസല്‍സില്‍ വച്ച് അരങ്ങേറാന്‍ പോവുകയാണ്. എന്നാല്‍ ഇതിന് മുമ്പ് നിര്‍ദേശിച്ചതിലും നല്ലൊരു ഡീലൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ നാളെ ബ്രസല്‍സില്‍ ആരംഭിക്കുന്ന നിര്‍ണായക ബ്രെക്സിറ്റ് സമ്മിറ്റില്‍ വച്ച് ഒരു ഡീലില്‍ എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇരു പക്ഷത്തുമുണ്ടെന്നും സൂചനയുണ്ട്.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ ബ്രെക്സിറ്റിന് കടുത്ത തിരിച്ചടിയുണ്ടാകാന്‍ പോകുന്നുവെന്നാണ് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അടക്കം വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന ഒഫീഷ്യലുകള്‍ പ്രവചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് യുകെ യൂണിയന്‍ വിട്ട് പോകുന്നത്. നാളെ നടക്കുന്ന സമ്മിറ്റില്‍ വച്ച് നവംബറില്‍ ഒരു സ്പെഷ്യല്‍ ബ്രെക്സിറ്റ് ചേരാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സമ്മതിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: