നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി ലോക കേരളസഭ ജനുവരിയില്‍

പ്രവാസികളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക കേരളസഭ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്താന്‍ മുഖ്യന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നോര്‍ക്ക ഗവേര്‍ണിംഗ് ബോഡിയോഗം തീരുമാനിച്ചു. പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, പ്രവാസ ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ലോക കേരളസഭ സംഘടിപ്പിക്കുന്നത്.

നിയമസഭാ സമാജികര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് സഭയിലെ അംഗങ്ങള്‍. ചര്‍ച്ചകളും സെമിനാറുകളും ഇതിന്റെ ഭാഗമായുണ്ടാകും. വര്‍ഷത്തിലൊരിക്കല്‍ സഭ സമ്മേളിക്കും. പ്രവാസി മലയാളികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഗ്ലോബല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും.

ഇതിനുപുറമെ പ്രവാസി മലയാളികളെക്കുറിച്ച് സമഗ്രമായ വിവര ശേഖരം നടത്താനും തീരുമാനിച്ചു. ഇത് പ്രവാസപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ സഹായം എത്തിക്കുന്നതിനും ഉപകരിക്കും. മാരകരോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കാനും പദ്ധതിയുണ്ട്. കെ. വരദരാജനെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിക്കാനും യോഗം തീരുമാനിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: