നോട്ട് നിരോധനം വീണ്ടും: ഇത്തവണ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി റിസര്‍വ്ബാങ്ക്…

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നോട്ട് നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം. ഇത്തവണ 2000 രൂപ നോട്ട് ആണ് നിരോധിക്കുന്നത്. 2000 നോട്ടിന്റെ അച്ചടി റിസേര്‍വ് ബാങ്ക് നിര്‍ത്തിവെച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം 200 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനമായതായും സൂചനയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. കള്ളപ്പണം തടയാനായാണ് നോട്ട് നിരോധനം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.

എന്നാല്‍ ഇന്ന് അതേ 2000 നോട്ടുകളുടെ അച്ചടി നിര്‍ത്തുമ്പോഴും മോദി സര്‍ക്കാരിന് പറയാനുള്ളത് കള്ളപ്പണം എന്ന കാരണം തന്നെയാണെന്നതാണ് ഇതിലെ രസകരമായ വൈരുദ്ധ്യം. 2016 നവംബറിലായിരുന്നു നോട്ട് നിരോധനം നടപ്പിലാക്കിയത്. മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18.03 ലക്ഷം കോടി രൂപയാണ് വിനിമയത്തില്‍ ഉള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രൂപ 2000 നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് മൊത്തം വിനിമയം ചെയ്യുന്ന പണത്തിന്റെ 37 ശതമാനം വരും. 7.73 ലക്ഷം കോടി രൂപ 500 രൂപ നോട്ടിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് ആകെയുള്ള രൂപയുടെ വിനിമയമൂല്യത്തിന്റെ 43 ശതമാനം വരും. നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ഉദ്ദേശം എന്തായിരുന്നു എന്നതിന് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

നോട്ട് നിരോധനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, അതെല്ലാം അവഗണിച്ച് നടപ്പാക്കിയ നിരോധനം സമസ്തമേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ നോട്ട് നിരോധനത്തിന്റെ ഭാഗമായി സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യ ഇപ്പോള്‍ നേരിട്ട്‌കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ സാമ്പത്തിക രംഗത്താണ് ഇപ്പോള്‍ വലിയതോതില്‍ പ്രതിസന്ധിയെ നേരിടുന്നത്. അസംഘടിത മേഖലയില്‍ തൊഴിലുകള്‍ നഷ്ടപെടുന്ന പ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നത്. എത്രയും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ 2000 രൂപ നോട്ടുകൂടി നിരോധിക്കുന്നതിനും പഴയ അതെ വിശദീകരണം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: