നോട്ടുകളിലും നാണയങ്ങളിലും പതിയിരിക്കുന്നത് മാരക രോഗാണുക്കള്‍

കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: