നേഴ്‌സ് സമരം : മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

 

മാന്യമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന് നാലുമണിക്ക്. നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി മുതല്‍ നഴ്സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

രാവിലെ 11 മണിക്ക് വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗവും ചേരുന്നുണ്ട്. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ചര്‍ച്ചയില്‍ കുറഞ്ഞ വേതനം 20,000 രൂപ വേണമെന്ന ആവശ്യത്തില്‍ നഴ്സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് മാനേജ്മെന്റുകളും ഉറച്ച നിലപാടിലായിരുന്നു.

നഴ്സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്മെന്റുകള്‍ തയാറാവാഞ്ഞതില്‍ പ്രതിഷേധിച്ച് ആശുപത്രികളില്‍ കൂട്ട അവധി എടുക്കുന്നതിനാല്‍ മൂന്നിലൊന്നു ജീവനക്കാര്‍ മാത്രമേ ഇന്ന് ജോലിക്ക് എത്തുകയുള്ളൂ. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ല.

നിലപാടുകള്‍ ഇങ്ങനെ
മാനേജ്‌മെന്റുകള്‍: മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ശമ്പളം നല്‍കാം. ട്രെയ്‌നി സംവിധാനം അവസാനിപ്പിക്കാനാകില്ല. 20 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 17,200 രൂപയാണു കമ്മിറ്റിയുടെ ശുപാര്‍ശ.

നഴ്‌സുമാരുടെ സംഘടനകള്‍: 20 മുതല്‍ 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 20,000 രൂപ ശമ്പളം. 50 – 100 കിടക്കകള്‍: 20,900 രൂപ. 100 – 200 കിടക്കകള്‍ – 25,500 രൂപ. 200നു മുകളില്‍ കിടക്കകള്‍ – 27,800 രൂപ. ട്രെയ്‌നി സമ്പ്രദായം പൂര്‍ണമായി അവസാനിപ്പിക്കണം. തീരുമാനമായാല്‍ ഇന്നുതന്നെ കരാറില്‍ ഏര്‍പ്പെടണം.

കോടതി വിധികള്‍: സര്‍ക്കാര്‍ നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന ശമ്പളം സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്കും നല്‍കണമെന്നു സുപ്രീം കോടതി നിര്‍ദേശം. കോടതി നിയോഗിച്ച സമിതിയുടേതാണു ശുപാര്‍ശ. നടപ്പാക്കേണ്ടിയിരുന്നതു 2016 നവംബര്‍ മുതല്‍. ട്രെയ്‌നി, ബോണ്ട് സംവിധാനങ്ങള്‍ അവസാനിപ്പിക്കണമെന്നു 2012ല്‍ സുപ്രീം കോടതി വിധി.

നഴ്‌സുമാര്‍ക്കുള്ള സര്‍ക്കാര്‍ ശമ്പളം: 27800 രൂപ – 59400 രൂപ. (ജനറല്‍, ബിഎസ്സി, എംഎസ്സി യോഗത്യയുള്ളവര്‍ക്ക് ഒരേ ശമ്പള ഘടന)

ആശുപത്രികള്‍, നഴ്‌സുമാര്‍: 1200ഓളം സ്വകാര്യ ആശുപത്രികളിലായി ജോലി ചെയ്യുന്നതു മൂന്നു ലക്ഷത്തോളം നഴ്‌സുമാര്‍. (20 – 100 കിടക്കകളുള്ള 800 ആശുപത്രികള്‍, 200 കിടക്കകള്‍ക്കു മേലുള്ള 400 എണ്ണം)

സര്‍ക്കാരിന്റെ ആലോചന: 20 മുതല്‍ 50 വരെ കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു മാസം 17,200 രൂപയാണു മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശ. ഇതില്‍ 300% ഡിഎയും ഉള്‍പ്പെടും. ആശുപത്രി അലവന്‍സായി മൂന്നു ശതമാനവും നഴ്‌സിങ് അലവന്‍സായി മൂന്നുശതമാനവും കൂടി ചേരുമ്പോള്‍ 18,232 രൂപ ശമ്പളം ലഭിക്കുന്ന തരത്തിലാണു കമ്മിറ്റിയുടെ ശമ്പള നിര്‍ണയം. നഴ്‌സിങ് അലവന്‍സ് ആറു ശതമാനമാക്കുകയും ഡിഎയില്‍ ശേഷിക്കുന്ന 10 ശതമാനവും കൂടിയാകുമ്പോള്‍ 20,000 രൂപയില്‍ എത്താം. കിടക്കകള്‍ കൂടുതലുള്ള ആശുപത്രികള്‍ക്ക് അതനുസരിച്ചു നഴ്‌സിങ്, ഹോസ്പിറ്റല്‍ അലവന്‍സുകള്‍ വര്‍ധിപ്പിച്ചു പ്രശ്‌നം പരിഹരിക്കാം. ചികില്‍സാച്ചെലവു കാര്യമായി വര്‍ധിപ്പിക്കാതെ തന്നെ ശമ്പളം നല്‍കാനാകും.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: