നേഴ്സുമാര്‍ ഉള്‍പ്പെടെ ഡബ്ലിനില്‍ ജോലി ചെയ്യുന്ന പൊതുജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമെ സ്‌പെഷ്യല്‍ അലവന്‍സ്: മറുപടി നല്‍കി ധനകാര്യമന്ത്രി

ഡബ്ലിന്‍: ഡബ്ലിനില്‍ ജോലി ചെയ്യുന്ന പൊതു ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമെ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീവധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഡബ്ലിനിലെ ജീവിതച്ചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജീവനക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ഇത്തരമൊരു തീരുമാനം ആവശ്യമാണെന്ന് നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതു ജീവനക്കാര്‍ ആവശ്യപ്പെട്ടു വരികയാണ്.

അയര്‍ലണ്ടിലെ മറ്റു നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ജീവിത ചെലവും ഡബ്ലിനിലുള്ളവര്‍ക്ക് കൂടുതല്‍ ചെലവും വരുമ്പോള്‍ തലസ്ഥാന നഗരിയിലെ ജീവനക്കാരുടെ താമസ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യമാണ് നിലനില്‍ക്കുന്നത്. പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റിഫോമിന്റെ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ ശക്തമാവുകയും ചെയ്തു.

ഫിയാന ഫോളിന്റെ ഗാരി ഹോഗാന്‍ ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോണോഹിയോട് പൊതുജീവനക്കാരുടെ സ്‌പെഷ്യല്‍ അലവന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. അദ്ധ്യാപകര്‍ക്ക് രണ്ട് തരത്തില്‍ നല്‍കുന്ന ശമ്പള വ്യവസ്ഥ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഗാരി മന്ത്രിയോട് വിശദീകരണം തേടി. എന്നാല്‍ ഉടന്‍ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നാണ് ധനകാര്യമന്ത്രി മറുപടി നല്‍കിയത്.

തലസ്ഥാന നഗരത്തില്‍ വാടക വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുജീവനക്കാര്‍ക്ക് താമസത്തിനുള്ള ആനുകൂല്യം അധികമായി നല്‍കണമെന്ന് പാര്‍ലമെന്റിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം ശക്തമാകുന്നുണ്ട്. വാടക വര്‍ദ്ധനവിനെ തുടര്‍ന്ന് ഡബ്ലിന് പുറത്ത് ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പൊതു ജീവനക്കാരും വര്‍ധിച്ചുവരുന്നുണ്ട്. ഡബ്ലിനില്‍ ആരോഗ്യമേഖലയില്‍ നേഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതിന് കാരണവും മറ്റൊന്നല്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിസഭാ ചര്‍ച്ചക്കിടെ അഭിപ്രായപ്പെട്ടിരുന്നു.

വാടക വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ലിന്‍ നഗരത്തിലെ പൊതു ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം താമസ ആനുകൂല്യങ്ങളും അനുവദിക്കപ്പെടുക തന്നെ ചെയ്യുമെന്ന വാര്‍ത്തകളാണ് ഭരണകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. മന്ത്രിസഭയുടെ ആവശ്യം പരിഗണിച്ച് സമീപ ഭാവിയില്‍ ഇത്തരമൊരു പ്രഖ്യാപനം ധനകാര്യ മന്ത്രിയില്‍നിന്നുണ്ടായേക്കാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: