നേഴ്സുമാരുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനം

ഡബ്ലിന്‍: INMO യുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ നേഴ്സുമാര്‍ ഇന്ന് ദേശീയ വ്യാപകമായി രണ്ടാം തവണ പണിമുടക്ക് നടത്തും. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ രാവിലെ എട്ട് മണി വരെ നീളും. ജനുവരി മുപ്പതിന് നടന്ന ആദ്യ ദിന സൂചന പണിമുടക്കിന് ശേഷവും ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരു ഒത്തുതീര്‍പ്പിനും തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് പിക്കറ്റിങ് ഉള്‍പ്പെടെ ശക്തമായ പ്രക്ഷോപ പരിപാടികളാണ് INMO യുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് തെരുവിലിറങ്ങുന്ന നേഴ്സുമാര്‍ക്ക് വന്‍ ജനപിന്തുണയും ഒപ്പമുണ്ട്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് നേഴ്സുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നേഴ്‌സിങ് സഘടനായ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും അതെല്ലാം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് നാല്പത്തിനായിരത്തോളം നേഴ്‌സുമാര്‍ ഇന്ന് ഗവണ്മെന്റിനെതിരെ രണ്ടാംവട്ട സമരത്തിന് തയ്യാറെടുക്കുന്നത്.

50,000 ത്തോളം ഔട്ട്‌പേഷ്യന്റ് അപ്പോയിന്മെന്റുകളും കമ്മ്യൂണിറ്റി മെഡിക്കല്‍ അപ്പോയിന്മെന്റുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ പരിമിതമായ നേഴ്‌സുമാര്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. പല ആശുപതികളിലും മാനേജുമെന്റുമായി സഹകരിച്ച് രോഗികളുടെ സുരക്ഷയെ ബാധിക്കാത്ത തരത്തിലാണ് നേഴ്‌സുമാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

അതേസമയം ഗവണ്മെന്റ് ഇപ്പോഴും നേഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചിട്ടില്ല. ഐറിഷ് ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘടിത മുന്നേറ്റത്തിന് അടിയറവ് പറയേണ്ടി വരുമെന്ന് വന്നതോടെ എതിര്‍വാദങ്ങളുമായി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. നേഴ്സുമാരും മിഡൈ്വഫുമാരും ആവശ്യപ്പെടുന്ന ശമ്പളവര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് ഗവണ്മെന്റിന്റെ നിലപാട്. ആരോഗ്യമേഖലയിലെ നേഴ്‌സുമാര്‍ക്ക് അധികമായി 300 മില്യണ്‍ യൂറോ ചിലവഴിക്കുക എന്നത് അസാധ്യമാണെന്നും, ബ്രെക്സിറ്റ് പ്രതിസന്ധിയ്ക്കിടയില്‍ ഇത് അനാവശ്യമാണെന്നുമാണ് ഗവണ്മെന്റിന്റെ വാദം. നേഴ്‌സിങ് യൂണിയന്‍ മുന്നോട്ടു വച്ചിരിക്കുന്ന പല ആവശ്യങ്ങളും ഗവണ്മെന്റ് നിരാകരിക്കുന്നു.

തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ചയ്ക്കു തയാറാണെന്നും, എന്നാല്‍, ശമ്പള വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നും ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോനഹോയും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസും വ്യക്തമാക്കി. 80 നഴ്‌സുമാര്‍ക്ക് 20 ഹെല്‍ത്ത് കെയര്‍ അസിസ്‌ററന്റുമാര്‍ എന്ന അനുപാതത്തില്‍ നിയമനം നടത്തണമെന്നതും സമരത്തില്‍ ഉന്നയിക്കുന്ന ഒരാവശ്യമാണ്. എന്നാല്‍, ശമ്പള വിഷയം പരിഗണിക്കാത്ത ചര്‍ച്ച അര്‍ഥശൂന്യമായിരിക്കുമെന്നാണ് സമരത്തിനു നേതൃത്വം നല്‍കുന്ന യൂണിയനുകള്‍ പറയുന്നത്.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ്, കുറഞ്ഞ വേതനം, ജോലി സുരക്ഷിതത്വമില്ലായ്മ തുടങ്ങി യൂണിയന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെയൊന്നും വേണ്ടവിധം മനസ്സിലാക്കാനോ പരിഹരിക്കാനോ യാതോരു പദ്ധതിയും സര്‍ക്കാരോ എച്എസ്ഇയോ ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ലെന്നും. ഈ സാഹചര്യത്തിലാണ് തുടര്‍ പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തതെന്നും INMO വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ നൂറുകണക്കിന് ജിപിമാരും തെരുവിലിറങ്ങുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്‌സ് വക്താവ് അറിയിച്ചു.

ഇന്നത്തെ 24 മണിക്കൂര്‍ പണിമുടക്കിന് ശേഷം 7, 12, 13, 14 തിയതികളിലും ഒപ്പം 19, 21 തിയ്യതികളിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് INMO അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം ആരോഗ്യമേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്. നേഴ്സുമാര്‍ ആവശ്യപ്പെട്ട ന്യായമായ ആവശ്യങ്ങള്‍ വരേദ്കര്‍ ഗവണ്‍മെന്‍ഡ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിരാകരിച്ചതിനെ തുടര്‍ന്നാണ് നേഴ്സുമാര്‍ ശക്തമായ പ്രക്ഷോപ പരിപാടികളിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി ഒന്‍പതിന് ദേശീയ തലത്തില്‍ റാലി സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: