നേഴ്സുമാരുടെ സമരത്തിന് പ്രവൃത്തിദിനം തിരഞ്ഞെടുത്തതില്‍ നിരാശനെന്ന് വരേദ്കര്‍; പ്രതിസന്ധി പരിഹരിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കേണ്ടതെന്ന് INMO

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്ക് നേരെയുള്ള അവഗണയില്‍ പ്രതിഷേധിച്ച് ജനുവരി 30 ബുധനാഴ്ച ദേശീയ വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് INMO അറിയിച്ചതിനു പിന്നാലെ ശക്തമായ പിന്തുണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്. എന്നാല്‍ പണിമുടക്ക് വാരാന്ത്യത്തില്‍ നടത്താതെ പ്രവൃത്തിദിനം തിരഞ്ഞെടുത്തതില്‍ നിരാശനാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയുള്ള തന്റെ സന്ദര്‍ശനത്തിനിടെയാണ് വരേദ്കര്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം INMO വിളിച്ചുചേര്‍ത്ത എക്സിക്യൂട്ടീവ് യോഗത്തിനുശേഷമാണ് ജനുവരി 30 ന് സൂചന പണിമുടക്ക് നടത്താനും പരിഹാരം കണ്ടിലെങ്കില്‍ ഫെബ്രുവരിയില്‍ തുടര്‍സമരങ്ങള്‍ നടത്താനും തീരുമാനമായത്.

അതേസമയം പണിമുടക്ക് പിന്‍വലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഗവണ്മെന്റ് ശ്രമിക്കുമെന്ന് വരേദ്കര്‍ വ്യക്തമാക്കി. എന്നാല്‍ പണിമുടക്കാനുള്ള യൂണിയന്‍ തീരുമാനം നടപ്പായാല്‍ തിരക്കുപിടിച്ച ജനുവരി 30 ബുധനാഴ്ച ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിശ്ചലമാകുമെന്ന് വരേദ്കര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ചയോ, ഞായറാഴ്ചയോ പണിമുടക്ക് നടത്തമായിരുന്നുവെന്നും വാരാന്ത്യത്തില്‍ നടത്തുന്ന സമരങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ ഗവണ്മെന്റിനുമേല്‍ ഒരേ സമ്മര്‍ദമാണ് ചെലുത്തുന്നതെന്നും എന്നാല്‍ രോഗികള്‍ക്ക് ബുദ്ധമുറ്റത് സൃഷ്ടിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ആയിരകണക്കിന് ശസ്ത്രക്രിയകളും ക്ലിനിക് അപ്പോയ്ന്റ്‌മെന്റുകളുമാണ് റദ്ദാക്കപ്പെടുന്നത്.

അതേസമയം വരേദ്കറിന്റെ പ്രതികരണത്തോട് INMO ട്വിറ്ററില്‍ മറുപടി നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടിലെ നേഴ്‌സുമാരും മിഡ്വൈഫുമാരും ആഴ്ചയില്‍ ഏഴ് ദിവസങ്ങളും 24 മണിക്കൂറും രോഗികളെ കൃത്യതയോടെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. പ്രവൃത്തിദിനമാണോ, വാരാന്ത്യമാണോ എന്നൊന്നും അവര്‍ നോക്കാറില്ല. നിശാസുമാരുടെ പ്രതിഷേധം പണിമുടക്കിലേക്ക് നീങ്ങാതെ പരിഹരിക്കാനാണ് വരേദ്കര്‍ ഗവണ്മെന്റ് നോക്കേണ്ടതെന്നും INMO പ്രതികരിച്ചു. ഐറിഷ് ആരോഗ്യമേഖലയില്‍ നേഴ്‌സുമാര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയിലാണ് സമര നടപടികളിലേക്ക് കടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു. വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അമിത ജോലി ഭാരം മൂലം നഴ്സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഏറ്റവും തിരക്കേറിയ സീസണില്‍ നടക്കുന്ന നേഴ്‌സുമാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ HSE അവസാനവട്ട ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ജനുവരി 30 ലെ നേഴ്‌സുമാരുടെ പണിമുടക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ INMO യുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാവും. ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടര്‍പണിമുടക്കുകള്‍ ഉണ്ടാകുമെന്ന് നേഴ്‌സിങ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: