വേതന വര്‍ധനവ് അഗീകരിക്കുകയാണ് ഗവണ്മെന്റിന്റെ മുന്നിലുള്ള ഏക മാര്‍ഗമെന്ന് INMO

ഡബ്ലിന്‍: ജനുവരി മുപ്പതിന് തീരുമാനിച്ച നേഴ്സുമാരുടെ ദേശീയ പണിമുടക്കിന് സാഹചര്യമൊരുക്കിയത് വേതന വര്‍ധനവിലെ അവഗണനയും ആവശ്യത്തിന് നേഴ്‌സുമാരില്ലാതെ തൊഴില്‍ഭാരം വര്‍ധിച്ചതുമാണെന്ന് INMO വക്താവ് വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്തുകയും ആവശ്യപ്പെട്ട 12 ശതമാനം വേതന വര്‍ധനവ് അഗീകരിക്കുകയുമാണ് ഗവണ്മെന്റിന്റെ മുന്നിലുള്ള ഏക മാര്‍ഗമെന്നും INMO ഓര്‍മിപ്പിച്ചു. നാളെ നേഴ്സിങ് സംഘടനകളുമായി ഇക്കാര്യത്തില്‍ HSE അവസാനവട്ട ചര്‍ച്ചകള്‍ വിളിച്ചിട്ടുണ്ട്.

ഐറിഷ് ആരോഗ്യമേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘടിത മുന്നേറ്റത്തിന് അടിയറവ് പറയേണ്ടി വരുമെന്ന് വന്നതോടെ എതിര്‍വാദങ്ങളുമായി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. നേഴ്സുമാരുടെ പണിമുടക്ക് വാരാന്ത്യത്തില്‍ നടത്താതെ പ്രവൃത്തിദിനം തിരഞ്ഞെടുത്തതില്‍ നിരാശനാണെന്ന അഭിപ്രായവുമായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറാണ് ആദ്യം പ്രതികരിച്ചത്. പിന്നാലെ റെജീന ദോഹര്‍ത്തിയും നേഴ്സുമാരുടെ പണിമുടക്ക് സംബന്ധിച്ച് പ്രസ്താവനയുമായി രംഗത്തെത്തി. നിലവില്‍ ലഭിക്കുന്ന ശമ്പളത്തില്‍ അതൃപ്തരാണെന്ന് നേഴ്സുമാര്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സാമൂഹിക സുരക്ഷ വകുപ്പ് മന്ത്രിയുടെ വാദം. പബ്ലിക് സര്‍വീസ് പേ കമ്മീഷന്‍ നിര്‍ദേശിച്ച ശമ്പള വ്യവസ്ഥകള്‍ നല്‍കാന്‍ ഗവണ്മെന്റ് തയാറാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം നിലവിലുള്ള ശമ്പള സ്‌കെയിലില്‍ വിദഗ്ധ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളത് HSE യ്ക്ക് ദുഷ്‌കരമാണെന്നും INMO വെളിപ്പെടുത്തുന്നു. ആരോഗ്യ മേഖലയിലെ ബിരുദധാരികളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം നേഴ്‌സുമാര്‍ക്കാണെന്ന് ഫിയന്ന ഫെയ്ല്‍ വക്താവ് സ്റ്റീഫന്‍ ഡോണലി വ്യക്തമാക്കി. ഒരേ ലെവല്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ ഫിസിയോതെറാപ്പിസ്റ്റിന് അയര്‍ലണ്ടിലെ നേഴ്സുമാരേക്കാള്‍ 7000 യൂറോയോളം അധിക ശമ്പളം ലഭിക്കുന്നുണ്ട്.

നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്‌സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ 12 ശതമാനം വേതന വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. വേതന നിരക്കിലെ അപാകത വിദേശ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ നേഴ്സുമാരെ പ്രേരിപ്പിക്കുന്നു. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്സുമാരെ ലഭിക്കാത്തതെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു.

ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടര്‍പണിമുടക്കുകള്‍ ഉണ്ടാകുമെന്ന് INMO മുന്നറിയിപ്പ് നല്‍കുന്നു. ഫെബ്രുവരിയില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി സൈക്കാട്രിക് നഴ്‌സസ് അസോസിയേഷന്‍ (PNA) അറിയിച്ചു. ഫെബ്രുവരി 5,6,7 തിയ്യതികളിലും അധിക സമയ ജോലികള്‍ ചെയ്യാതെ പ്രതിഷേധിക്കാനാണ് തീരുമാനം. ഫെബ്രുവരി 12, 13, 14 തിയ്യതികളിലും ഇത് തുടരും.

Share this news

Leave a Reply

%d bloggers like this: