നേഴ്സുമാരില്‍ വലിയൊരു വിഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ല; നേഴ്സുമാരുടെ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.

ഡബ്ലിന്‍: നേഴ്സുമാര്‍ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ തയ്യാറാകാത്തതില്‍ ആശങ്ക ഒഴിയാതെ ആരോഗ്യവകുപ്പ്. മറ്റ് ആരോഗ്യ ജീവനക്കാര്‍ വാക്‌സിനേഷന്‍ നടത്തുമ്പോള്‍ നേഴ്സുമാരില്‍ 50 ശതമാനവും ഇതിന് തയ്യാറാവുന്നില്ല. രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്നെ കുത്തിവെയ്പ്പിന് വിധേയരാവാന്‍ എച്ച്.എസ്.ഇ നിര്‍ദ്ദേശിച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നിട്ടും പകുതിയിലധികം നേഴ്സുമാരില്‍ കുത്തിവെയ്പ്പിന് തയ്യാറായില്ലെന്ന് തന്നെയാണ് ആരോഗ്യ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഐ.എന്‍.എം.ഒ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും എച്ച്.എസ്.ഇ ആരോപണമുയര്‍ത്തുന്നു.

നേഴ്സുമാര്‍ക്ക് കൂടി പനി പടര്‍ന്നുപിടിച്ചാല്‍ വന്‍ പ്രത്യാഘാതങ്ങളായിരിക്കും ഐറിഷ് ആരോഗ്യ മേഖല നേരിടേണ്ടി വരിക. ചില ജീവനക്കാരില്‍ പനി ബാധ സ്ഥിരീകരിച്ചതില്‍ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. നിലവില്‍ നേഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്ന ഐറിഷ് ആരോഗ്യ മേഖലയില്‍ ഇവര്‍ ലീവില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന തിരിച്ചടികള്‍ ചെറുതല്ല.

രാജ്യത്തെ പൊതു ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ ആശുപത്രിയിലെത്തി തിരിച്ച് പോകുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ നേഴ്സുമാര്‍ക്കിടയില്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: