നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ചുള്ള രഹസ്യ രേഖകള്‍ പുറത്തു വിട്ടു

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച രഹസ്യരേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാരിലും പോലീസ് ലോക്കറുകളിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന 64 ഫയലുകളാണ് പരസ്യപ്പെടുത്തിയത്. നേതാജിയുടെ കുടുംബാംഗങ്ങള്‍ക്കാണ് ആദ്യം ഫയലുകള്‍ കൈമാറിയത്. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് മ്യൂസിയത്തിലും ഇത് പ്രദര്‍ശനത്തിന് വച്ചു. തിങ്കളാഴ്ച മുതല്‍ ഫയലുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. 1937 മുതല്‍ 1947 വരെയുള്ള രേഖകളാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട് പുറത്തു വിടാത്ത 135 രഹസ്യ ഫയലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുമുണ്ട്

12,277 പേജുകളിലായിട്ടാണ് ഡീക്ലാസിഫൈ ചെയ്ത 64 ഫയലുകളുള്ളത്. നേതാജിയെക്കുറിച്ചുള്ള മുഴുവന്‍ ഫയലുകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയതായും യഥാര്‍ഥ ഫയലുകള്‍ മ്യാസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്നും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൂരജിത് കര്‍പുര്‍കായസ്ത അറിയിച്ചു. രേഖകള്‍ ഡി.വി.ഡിയിലാക്കിയാണ് നേതാജിയുടെ കുടുംബത്തിന് കൈമാറിയത്.

സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചുവെന്ന് പ്രചരിക്കപ്പെട്ടതിന് 19 വര്‍ഷം കഴിഞ്ഞ് 1964 ഫിബ്രവരിയില്‍ നേതാജി ഇന്ത്യയിലേക്ക് മടങ്ങിയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. റഷ്യയില്‍ നിന്ന് ചൈന വഴിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ 67 വയസ്സുണ്ടാകുമായിരുന്നു.

1941 ജനവരി 16ന് വീട്ടുതടങ്കലില്‍ നിന്ന് നേതാജി രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഫയലുകളുടെ കൂട്ടത്തിലുണ്ട്. പുറത്തുവിട്ട 64 ഫയലുകളില്‍ ഒമ്പതെണ്ണം ഇന്റലിജന്‍സ് ബ്രാഞ്ചിന്റേതും 55 എണ്ണം കൊല്‍ക്കത്ത പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ ഇന്റലിജന്‍സ് വിങ്ങിന്റേതുമാണ്.

1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന് ഈ രേഖകളിലുണ്ട്. 12,000 പേജുകള്‍ വരുന്ന രേഖകള്‍ നേതാജിയുടെ തിരോധാനത്തെക്കുറിച്ച് ദശാബ്ദങ്ങളായി തുടരുന്ന നിഗൂഢതയ്ക്ക് ഇന്ന് പുറത്തുവിട്ട രേഖകളിലും വ്യക്തമായ സൂചനയില്ലെന്നാണ് റിപ്പോര്‍ട്ട്. 1997 ല്‍ ഡീക്ലാസിഫൈ ചെയ്ത രേഖകള്‍ പ്രകാരം നേതാജി മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന 1945 ആഗസ്ത് 18 ലെ തായ്‌വാന്‍ വിമാനാപകടം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷവും നേതാജി ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നതായി രേഖകളിലുണ്ട്.

Share this news

Leave a Reply

%d bloggers like this: