നെപ്പോളിയന്റെ ജനറലിന്റെ അസ്ഥിക്കൂടം കണ്ടെത്തി; സ്ഥിരീകരിച്ചത് ഡി എന്‍ എ ടെസ്റ്റിലൂടെ

മോസ്‌കൊ: റഷ്യന്‍ നഗരമായ സ്‌മോലെന്‍സ്‌കിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയ കാല്‍ മാത്രമുള്ള അസ്ഥികൂടം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജനറലുകളിലൊരാളായ ചാള്‍സ്-എറ്റിയെന്‍ ഗുഡിന്റേതാണെന്ന് കണ്ടെത്തി. അസ്ഥികൂടത്തിന് 200 വര്‍ഷത്തെ പഴക്കമുണ്ട്. ഫ്രഞ്ച് – റഷ്യന്‍ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂലൈയില്‍ നടത്തിയ ഖനനത്തിലാണ് ഇത് കണ്ടെത്തിയത്. ജനറലിന്റെ അമ്മ, സഹോദരന്‍, മകന്‍ എന്നിവരുടെ ഡിഎന്‍എ-യുമായി ഒത്തുനോക്കുമ്പോള്‍ അത് ചാള്‍സ്-എറ്റിയെന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടതായി ഖനനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ പിയറി മാലിനോവ്‌സ്‌കി പറയുന്നു.

ഡിഎന്‍എ പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാന്‍ എലിസി കൊട്ടാരം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് മാലിനോവ്‌സ്‌കി മോസ്‌കോയില്‍ നിന്ന് മാര്‍സെയിലിലേക്ക് അസ്ഥികൂടത്തിന്റെ കൈകാലുകളും പല്ലുകളും സ്യൂട്ട്‌കേസിലാക്കി പറന്നു. അവിടെ വെച്ചു നടത്തിയ പരിശോധനയില്‍ ഡിഎന്‍എ ജനറലിന്റെ കുടുംബവുമായി 100% പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

ഒരു പതിറ്റാണ്ടു കാലം (1804-1814) ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനികമേധാവിയുമായിരുന്നു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. ജന്മംകൊണ്ട് ഇറ്റലിക്കാരനായ നെപ്പോളിയന്‍ പിന്നീട് ഫ്രാന്‍സ്, കോര്‍സിക്ക കീഴടക്കിയതോടെ ഫ്രഞ്ച് പൗരനായി മാറുകയായിരുന്നു. ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനികമേധാവിയുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഗുഡിന്‍. പാരീസില്‍ അദ്ദേഹത്തിന്റെ പേരുള്ള ഒരു തെരുവുണ്ട്.

പീരങ്കിയുണ്ട ഏറ്റാണ് ഗുഡിന്റെ കാല്‍ നഷ്ടമായതെന്ന് ചരിത്രം പറയുന്നു. റഷ്യന്‍ പട്ടാളത്തെ നേരിടുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്. ഈ മുറിവ് അഴുകുകയും അത് ശരീരത്തെയാകെ ബാധിക്കുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം മരിച്ചു. ഗുഡിന്‍ മരണപ്പെട്ടപ്പോള്‍ നെപ്പോളിയന്‍ കരഞ്ഞതായി മാലിനോവ്‌സ്‌കി പറയുന്നു. മൃതദേഹം കൊണ്ടുപോകാന്‍ യുദ്ധത്തിനിടെ സമയമില്ലാത്തതിനാല്‍ റഷ്യയിലെ സ്‌മോലെന്‍സ്‌ക് പാര്‍ക്കില്‍ അദ്ദേഹത്തെ അടക്കം ചെയ്തുവെന്നാണ് ചരിത്രം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പുരാവസ്തു ഗവേഷകരുടെ ചരിത്ര പരിശോധന ആരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: