നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി. അബുദാബി – കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2.40 ഓടെ അപകടത്തില്‍പ്പെട്ടത്. 102 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ടാക്സി വേയില്‍നിന്ന് തെന്നിമാറിയ വിമാനം പാര്‍ക്കിങ് ബേയ്ക്ക് സമീപം കാനയില്‍ കുടുങ്ങി.

സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം തുടങ്ങി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അധികൃതരും സംഭവത്തെപ്പറ്റി അന്വേഷണം നടത്തും. ഡി.ജി.സി.എ അധികൃതരെ വിമാനത്താവള അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്.
വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രാഥമിക നിഗമനം. 2.39 ന് റണ്‍വെയില്‍ ലാന്‍ഡുചെയ്ത വിമാനം പാര്‍ക്കിങ് ബേയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ പിന്‍ചക്രം കാനയിലേക്ക് വീണു.

യാത്രക്കാരെ സാധാരണ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബോയിങ് 737 – 800 വിമാനത്തിന്റെ പിന്‍ചക്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വിമാനത്തിന്റെ എന്‍ജിന്‍ അടക്കമുള്ളവ നിലത്ത് തട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.

റണ്‍വേയ്ക്കും ഏപ്രണിനും (പാര്‍ക്കിങ് സ്ഥലം) ഇടയ്ക്കുള്ള ടാക്സി വേയില്‍നിന്നാണ് വിമാനം തെന്നിമാറിയതെന്ന് സിയാല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിച്ചതാണ് അപകട കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. അപകടം നടന്നത് റണ്‍വെയില്‍നിന്ന് അകലെ ആയതിനാല്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിട്ടില്ല. കാനയില്‍ കുടുങ്ങിയ വിമാനം നീക്കാന്‍ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. സിയാലിന്റെ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം അവര്‍ക്ക് സഹായം നല്‍കും.

 

എ എം

Share this news

Leave a Reply

%d bloggers like this: