നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഈ മാസം

ന്യൂഡല്‍ഹി: ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഈ മാസം 27-28ന് നടക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണമായിരിക്കും അത്. ഈ മാസം 27ന് ഭൂമി സൂര്യനും ചൊവ്വയ്ക്കും ഇടയിലെത്തുമ്പോഴാണു ഗ്രഹണം നടക്കുക. ഭൂമിയോട് അടുത്തെത്തുന്ന ചൊവ്വ സാധാരണയില്‍ കവിഞ്ഞ പ്രകാശത്തോടെ ജൂലൈ അവസാനം വരെ പുലര്‍വേളകളില്‍ ദൃശ്യമാകും. 27-28ന് ഭൂമിയുടെ അടുത്തു നിലകൊള്ളുന്ന ചൊവ്വയെ വളരെ എളുപ്പത്തില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയും. എന്നാല്‍, ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത് ഈ മാസം 31 നായിരിക്കും. ശരാശരി രണ്ടു വര്‍ഷവും രണ്ടു മാസത്തെയും ഇടവേളയിലാണ് ചൊവ്വ ഭൂമിയുടെ എതിര്‍ദിശയില്‍ ഏറ്റവും അടുത്തെത്തുന്നത്. ഏകദേശം 60,000 വര്‍ഷത്തിനിടയില്‍ 2003 ഓഗസ്റ്റിലാണ് ചൊവ്വയും ഭൂമിയും ഇതിനുമുമ്പ് ഏറ്റവും അടുത്തെത്തിയത്. അന്നത്തെതിനേക്കാള്‍ കൂടുതല്‍ പ്രകാശത്തില്‍ ഈ മാസം 31ന് ചൊവ്വയെ കാണാനാകും.

27ന് ഇന്ത്യന്‍ സമയം രാത്രി 11.54ന് ഭാഗിക ചന്ദ്രഗ്രഹണം ആരംഭിക്കും. ഭൂമിയുടെ നിഴല്‍ ക്രമേണ ചന്ദ്രനെ മൂടുന്നതോടെ പൂര്‍ണഗ്രഹണം 28 പുലര്‍ച്ചെ ഒരു മണിക്കു തുടങ്ങും. 2.43 വരെ പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കും. ഭൂമിയുടെ നിഴലില്‍നിന്ന് ചന്ദ്രന്‍ ക്രമേണ പുറത്ത് വരുന്നതോടെ 3.49ന് ഗ്രഹണം അവസാനിക്കും. ഈ ഗ്രഹണത്തില്‍ ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ കുറഞ്ഞ വേഗത്തിലായിരിക്കും സഞ്ചരിക്കുക. ഇതാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്ര ഗ്രഹണമാക്കി മാറ്റുന്നത്.

ഇതിനു മുമ്പ് ഇത്തരത്തില്‍ ദീര്‍ഘനേരത്തെ പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ നടന്നിട്ടുള്ളത് 2000 ജൂലൈ 16നും (ഒരു മണിക്കൂര്‍ 46 മിനിറ്റ്) 2016 ജൂണ് 15നുമാണ് (ഒരു മണിക്കൂര്‍ 43 മിനിറ്റ്). ഗ്രഹണം മുഴുവനായും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമായിരിക്കും. ഓസ്‌ട്രേലിയ, ഏഷ്യ, വടക്കന്‍ ഭാഗങ്ങള്‍ ഒഴികെയുള്ള റഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങള്‍, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: