നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍: ഇന്ത്യയിലേക്ക് അയച്ചേക്കും

ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി അറസ്റ്റിലായി. ലണ്ടനില്‍ നിന്നാണ് മോദിയെ അറസ്റ്റ് ചെയ്തത്. നീരവ് മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ലണ്ടന്‍ പോലീസിന്റെ നടപടി. നീരവ് മോദിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് 17 മാസത്തിന് ശേഷമാണ് അറസ്റ്റ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. സിബിഐ, എന്‍ഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടു കടക്കല്‍. ഇതിനിടെ ഇയാള്‍ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവിടെ പുതിയ വജ്രവ്യാപാരം ആരംഭിച്ച മോദി, ലണ്ടന്‍ തെരുവുകളിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം ഒരു പ്രമുഖ വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.

ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്സിയും രാജ്യംവിട്ടിരുന്നു.

അതേസമയം നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തു.13,578 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ നീരവ് മോദിയെയും ബന്ധു മെഹുല്‍ ചോക്‌സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

വജ്രവ്യാപാരിയെ അറസ്റ്റുചെയ്ത് രാജ്യത്തെത്തിക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി.ബി.ഐ ഇന്റര്‍പോളിനെ സമീപിച്ചത്. സി.ബി.ഐയുടെ അഭ്യര്‍ഥന ഇന്റര്‍പോള്‍ ഉടന്‍ പരിഹരിക്കുമെന്ന് സൂചനയും ലഭിച്ചിരുന്നു. നീരവ് മോദിയെയും മദ്യരാജാവ് വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. അതേസമയം മോദി ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്നും അവിടെ വജ്ര വ്യാപാരം തുടങ്ങിയെന്നുമുള്ള വര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്.

ഡികെ

Share this news

Leave a Reply

%d bloggers like this: