നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്; അറസ്റ്റുചെയ്യാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായംതേടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ വിവാദ വജ്ര വ്യവസായി നീരവ് മോദി ബ്രിട്ടണിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ മോദി രാഷ്ട്രീയ അഭയം തേടിയതായാണ് വിവരം. ഇന്ത്യന്‍ ,ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടിരുന്നു.

അതേസമയം നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു.13,578 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ നീരവ് മോദിയെയും ബന്ധു മെഹുല്‍ ചോക്സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയാണ്.

വജ്രവ്യാപാരിയെ അറസ്റ്റുചെയ്ത് രാജ്യത്തെത്തിക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി.ബി.ഐ ഇന്റര്‍പോളിനെ സമീപിച്ചിട്ടുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സി.ബി.ഐയുടെ അഭ്യര്‍ഥന ഇന്റര്‍പോള്‍ ഉടന്‍ പരിഗണിക്കുമെന്നാണ് സൂചന.

നീരവ് മോദിയെയും മദ്യരാജാവ് വിജയ് മല്യയെയും ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. എന്നാല്‍, നീരവ് മോദി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് സി.ബി.ഐ അധികൃതര്‍ പറയുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: