നീതിപീഠവും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍. 2010ലെ ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട് എന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു സ്ഥാപനമാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂരിപക്ഷ വിധി ന്യായം വായിച്ചത്. അതേസമയം പൊതുവായ നിലപാടിനോട് യോജിച്ച് കൊണ്ടും ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടും ജസ്റ്റിസുമാരായ എന്‍ വി രമണയും ഡി വൈ ചന്ദ്രചൂഡും വ്യത്യസ്ത വിധിന്യായങ്ങളെഴുതി.

സിജെഐ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ തേടുമ്പോള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും പരിഗണിച്ചുകൊണ്ട് വേണം അപേക്ഷകള്‍ പരിഗണിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് (സിഐസി) സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനായി ആര്‍ടിഐ ഉപയോഗിക്കാം.

അതേസമയം ജുഡീഷ്യറി നീരീക്ഷണവലയത്തിലാവരുത്. ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വ്യക്തിഗത വിവരങ്ങളായി കണക്കാക്കാനാകില്ല. ഇത് വിവരാവകാശ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഭരണഘടനാ പദവി വഹിക്കുകയും പൊതു അധികാര സ്ഥാനങ്ങളിലിരിക്കുകയും ചെയ്യുന്ന ജഡ്ജിമാരെ മാത്രമായി വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവില്ല എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

2010ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി പരിശോധിച്ചത്. സുപ്രീം കോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും മറ്റ് പൊതു അധികാര കേന്ദ്രങ്ങളെപ്പോലെ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധി. 2007ല്‍ പൊതുപ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു.

വിവരം നിഷേധിക്കപ്പെട്ടപ്പോള്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ (സിഐസി) സമീപിച്ചു. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത് ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി അഗര്‍വാളിന് അനുകൂലമായി വിധിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു.

2010ല്‍ സുപ്രീം കോര്‍ട്ട് സെക്രട്ടറി ജനറലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഈ അപ്പീല്‍, ഹൈക്കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസും സുപ്രീം കോടതിയും വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്നത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളേയും അതിന്റെ സ്വാതന്ത്ര്യത്തേയും പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞാണ് എതിര്‍പ്പുയര്‍ന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമഭേദഗതി വിവരാവകാശ കമ്മീഷനെ തകര്‍ക്കുന്നതാണ് എന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കെയാണ് സുപ്രീം കോടതി ഈ കേസില്‍ വിധി പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: