നിസാമിന് വഴിവിട്ട സഹായം…അഞ്ച് പോലീസുകാരെ സസ്‌പെന്റ് ചെയ്യാന്‍ ശിപാര്‍ശ

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിന് വഴിവിട്ട സഹായം ചെയ്ത പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. നിസാമിന് സ്വകാര്യ ഹോട്ടലില്‍ ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് എസ്.ഐ പ്രദീപ് അടക്കം അഞ്ച് പോലീസുകാരെ സസ്‌പെന്റ് ചെയ്യാന്‍ ശിപാര്‍ശ.

കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ ജോര്‍ജ്, പ്രദീഷ്, ധനഞ്ജയന്‍, സുധീരന്‍ എന്നിരാണ് നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. നിസാമിന് പോലീസ് വഴിവിട്ട സഹായം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിസാമിനെ തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. തൃശൂര്‍ നഗരത്തിലെ ആഡംബര ഹോട്ടലില്‍ വച്ചാണ് ബന്ധുക്കളെ കാണാന്‍ നിസാമിന് അവസരം നല്‍കിയത്. ബന്ധുക്കളുമായി നിസാം ഒരു മണിക്കൂര്‍ സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയെന്നും ആക്ഷേപമുണ്ട്.ഇതിനെതിരെ ചന്ദ്രബോസിന്റെ ബന്ധുക്കളും പബ്ലിക് പ്രോസിക്യൂട്ടറും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി.

Share this news

Leave a Reply

%d bloggers like this: