നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി കൊടുക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ വിവാദമായ ലൈംഗിക അതിക്രമ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നിഷ എഴുതിയ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ തന്നോട് ട്രെയിന്‍ യാത്രയില്‍ അപമര്യാദയായി ഒരു രാഷ്ട്രീയക്കാരന്റെ മകന്‍ പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയിലാണ് ദുരനുഭവമുണ്ടായതെന്നാണ് നിഷ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. പേര് വ്യക്തമാക്കിയിരുന്നില്ലെങ്കിലും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെയാണ് നിഷ ഉദ്ദേശിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയത്.

ഒരു സ്ത്രീക്ക് ഇത്തരത്തില്‍ ഒരു അപമാനം നേരിട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു. അപമാനിച്ചയാളുടെ പേര് പറയാന്‍ കെഎം മാണിയുടെ മരുമകള്‍ തയാറാകണം. ഇല്ലെങ്കില്‍ മാണിയോ ജോസ് കെ മാണിയോ പറയണം. പേര് പറയിക്കാനുള്ള ശ്രമത്തിലാണ് താനെന്നും തന്റെ പരാതി ഡിജിപിക്ക് തിങ്കളാഴ്ച നല്‍കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, തന്നെ ആരോപണമുനയില്‍ നിര്‍ത്തുന്ന പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി. നിഷയുടെ പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയില്‍ രാഷ്ട്രീയനേതാവിന്റെ മകനായ യുവാവ് തന്നോട് മോശമായി പെറുമാറിയെന്നായിരുന്നു നിഷ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്ന ഭാര്യാപിതാവിനെ കണ്ടിട്ട് വരുകയായിരുന്നു യുവനേതാവെന്നും പുസ്‌കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നിഷയുടെ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്നായിരുന്നു ഭര്‍ത്താവ് ജോസ് കെ മാണിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്തണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: