നിശ്ചയം കഴിഞ്ഞതോടെ വരൻറെ സ്വഭാവം മാറിയെന്ന് ഗായിക; നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്മാറി

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വിവാഹത്തിനു മുമ്പേ വരനും കുടുംബവും മുന്നോട്ടുവച്ച നിബന്ധനകളാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷ്മി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് വിജയലക്ഷ്മി വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന വിവരം അറിയിച്ചത്.

തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഹോട്ടല്‍ മാനേജ് മെന്റ് കഴിഞ്ഞ് ബഹ് റിനില്‍ ജോലി നോക്കുകയാണ് സന്തോഷ്. ഡിസംബര്‍ 14നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷ്മി പറഞ്ഞു.

വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. സംഗീതപ്രേമിയായിരുന്ന ഇയാള്‍ നിശ്ചയത്തിനു ശേഷം സംഗീതത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ടത് തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചു. സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

മാത്രമല്ല, മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി അറിയിച്ചു. ഇതാണ് താന്‍ പിന്‍മാറാന്‍ കരണം. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരനും പങ്കെടുത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: