നിലവിലെ താപനിലയില്‍ നിന്നും 4 ഡിഗ്രി കൂടിയാല്‍ കേരളത്തില്‍ എന്തു സംഭവിക്കും?

സംസ്ഥാനത്തെ താപനിലയില്‍ ഈ ആഴ്ച കനത്ത വന്‍ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയുടെ ശരാശരിയില്‍ നിന്ന് 4 ഡിഗ്രി വരെ വര്‍ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാര്‍ച്ച ആദ്യവാരങ്ങളില്‍ ചൂട് വളരെ കൂടുമെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. സാധാരയായി ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ നിലവില്‍ 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ശരാശരിയില്‍ നിന്ന് 1 ഡിഗ്രി മാത്രമേ കൂടിയിട്ടുള്ളൂ. അതേസമയം, കോഴിക്കോട്ട് കഴിഞ്ഞ ദിവസം 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നിരുന്നു. ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണ് ഈ വര്‍ധനവെന്നാണ് കണക്കുകൂട്ടല്‍.

നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാം. അതിനിടെ, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ നിരന്തരം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സുര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടികള്‍.

അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയരുന്ന സാഹചര്യത്തില്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതമായി കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിയിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നവയ്ക്കും സാധ്യതയുണ്ട്. ബോധക്ഷയം ഉള്‍പ്പെടെ ഉണ്ടാകാനിടയുണ്ടെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: