നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി, 2016 വസന്തകാലത്ത് തെരഞ്ഞെടുപ്പ് നടത്താം

 

ഡബ്ലിന്‍: 2016 ലെ വസന്തകാലത്ത് പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി. നവംബറില്‍ ഇലക്ഷന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ വര്‍ഷം നവംബറിന്റെ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയോ കാരണമോ ഒന്നും കാണുന്നില്ലെന്ന് ആര്‍ടിഇ ദ വീക്ക് ഇന്‍ പൊളിറ്റിക്‌സിലെ ഇന്റര്‍വ്യൂവില്‍ അദ്ദേഹം വ്യക്തമാക്കി.

2016 ലെ സ്പ്രിംഗ് സീസണില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം സൂചിിപ്പിച്ചു. കെനിയുടെ തീരുമാനം ഭരണകക്ഷിയിലെ ലേബര്‍ പാര്‍ട്ടിയ്ക്ക് ആശ്വാസമാകും. 2016 ല്‍ പൊതുതെരഞ്ഞെടുപ്പു നടത്തുന്നതിനെയായിരുന്നു ലേബര്‍ അനുകൂലിച്ചിരുന്നത്. രണ്ടു പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഉടമ്പടി അംഗീകരിക്കേണ്ടതുണ്ടെന്ന് കെനി പറഞ്ഞു.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഒരു രാത്രികൊണ്ട് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കാനാവില്ല. എന്നാല്‍ ഫിനാഗേലിന്റെ സുദീര്‍ഘമായ ലക്ഷ്യങ്ങളില്‍ ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കുകയെന്നതും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നികുതിയിളവുകള്‍ കൂടുതല്‍ പേരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകരമാകുമെന്നും സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യത്തിനായി മാറ്റിവെയ്ക്കുന്ന തുക കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹോസ്പിറ്റലിലെ അനിയന്ത്രിതമായ തിരക്കുമൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നും ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: