നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ വിട്ടയയ്ക്കുന്നതില്‍ വന്‍ പ്രതിഷേധം

 

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളിയെ കാലാവധി തികയുന്നതിനു മുമ്പു മോചിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മേനകഗാന്ധിയും രംഗത്തെത്തി. പ്രതിയെ ഇത്രവേഗം വെറുതെ വിടുന്നതിനോടു യോജിപ്പില്ലെന്നു വനിത-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി പ്രതികരിച്ചു. സര്‍ക്കാര്‍ നീക്കത്തിനെതിരേ നിര്‍ഭയയുടെ മാതാപിതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ടെന്നു കണ്ടാണു ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പേ വിട്ടയയ്ക്കാന്‍ ഒരുങ്ങുന്നതെന്നു ഡല്‍ഹി സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. കാലാവധിക്കു മുമ്പു വിട്ടയയ്ക്കണമെങ്കില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ പ്രത്യേക അനുമതി നേടണം.

2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. അടുത്ത മാസം 15നു ശിക്ഷ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഇതിന് ഒരാഴ്ച മുമ്പെങ്കിലും വിട്ടയ്ക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഭവം നടക്കുമ്പോള്‍ 18 വയസ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ 20 വയസായി.

ഇയാളെ കൂടാതെ കേസില്‍ അഞ്ചു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിംഗിനെ തിഹാര്‍ ജയിലില്‍ 2014 മാര്‍ച്ച് 11നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു നാലു പ്രതികള്‍ക്കു വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു. അതിനെതിരേയുള്ള അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: