നിര്‍ഭയ കുട്ടിക്കുറ്റവാളിയെ വിടണമെന്നാവശ്യപ്പെട്ട് അമ്മയും നാട്ടുകാരും രംഗത്ത്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ ഞായറാഴ്ച ജയില്‍ മോചിതനാകാനിരിക്കേ ഇയാള്‍ നാട്ടിലേക്ക് വരില്ലെന്ന് കുടുംബം. എന്നിരുന്നാലും ജുവനൈല്‍ ഹോമില്‍ നിന്നും പുറത്ത് വരാന്‍ ഒരുങ്ങുന്ന ഇയാളെ മോചിപ്പിച്ച് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തി.

മോചിപ്പിച്ചാലും ഇയാള്‍ നാട്ടിലേക്ക് വരാന്‍ സാധ്യതയില്ലെന്ന് ബാദുവാന്‍ ജില്ലയിലെ ഭവാനിപ്പൂര്‍ നഗ്ലാ ഗ്രാമക്കാരനായ ഇയാളുടെ ഗ്രാമത്തില്‍ നിന്നും വീട്ടുകാരും നാട്ടുകാരും കരുതുന്നു. രോഗികളായ മാതാപിതാക്കളും അഞ്ചു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കാന്‍ ഇയാള്‍ ഒരിക്കലും തയ്യാറാകില്ലെന്നാണ് ഇവര്‍ കരുതുന്നത്. പത്തു വര്‍ഷം മുമ്പ് ഗ്രാമം വിട്ട ഇയാള്‍ പിന്നീട് ഒരിക്കലും വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ല. ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്ന ഇയാള്‍ ഡിസംബര്‍ 16 ന് നടന്ന ക്രൂരകൃത്യത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത് വരെ ജീവിച്ചിരുപ്പുണ്ട് എന്ന് പോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നെന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു.

വര്‍ഷങ്ങളോളം വീട്ടില്‍ എത്താതിരുന്ന ഇയാള്‍ തിരിച്ചുവരുമെന്ന് മാതാവും കരുതുന്നില്ല. ജയിലില്‍ നിന്നും വിടുന്ന ഇയാള്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്ന് മാതാവ് പറയുന്നു. എന്നിരുന്നാലും അവന്‍ തിരിച്ചുവന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഇവര്‍ പറയുന്നു. 2012 ഡിസംബര്‍ 16 ലെ സംഭവത്തിന് ശേഷം മാതാവ് ഇതുവരെ കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ടില്ല. പിതാവാകട്ടെ പത്തു വര്‍ഷമായി മാനസികരോഗിയാണ്.

Share this news

Leave a Reply

%d bloggers like this: