നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്: പേരാമ്പ്രയില്‍ നിന്നും സമീപപ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നു. രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധ ഇപ്പോള്‍ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പേരാമ്പ്ര ഭാഗത്ത് രോഗബാധ കുറഞ്ഞുവന്നതോടെ പനി നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതിനും ദിവസങ്ങള്‍ക്കകം തന്നെ മറ്റു സ്ഥലങ്ങളിലേക്ക് പനി വ്യാപിക്കുകയായിരുന്നു. സമീപപ്രദേശമായ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് മരണപ്പെട്ട 2 സംഭവങ്ങളും നിപ ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതോടെ ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ ഭീതിയിലാണ്.

കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ മരണമടഞ്ഞത്. ഇതോടെ കോടതി നടപടികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ കോഴിക്കോട് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍ 5-ന് തുറക്കാനിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ജൂണ്‍ 12-ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ രോഗികളെ പരിചരിച്ച ഡോക്ടര്‍ക്ക് പനി സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയിലാണ്.

ബാലുശ്ശേരിക്ക് തൊട്ടടുത്തുള്ള നന്മണ്ട, കാക്കൂര്‍, പുന്നശ്ശേരി പ്രദശങ്ങളിലെ നിരവധി ആളുകളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മരണവീടുകള്‍ സന്ദര്‍ശിച്ചവര്‍ എല്ലാവരും ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്. പലരിലും പനിയുടെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. ഇതോടെ പേരാമ്പ്രയില്‍ നിന്നും ബാലുശ്ശേരി കടന്ന് നരിക്കുനി ഭാഗത്തേക്ക് നിപ വൈറസ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന ടൗണുകളില്‍ എല്ലാം തിരക്ക് കുറഞ്ഞു. പനി ഭീതിയെ തുടര്‍ന്ന് ചില കടകളും അടച്ചിട്ടിരിക്കുകയാണ്. പനി രണ്ടാം ഘട്ടം വ്യാപിച്ചതോടെ പേരാമ്പ്ര ബാലുശ്ശേരി റൂട്ടില്‍ ബസ് ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. തൊട്ടടുത്ത ജില്ലകളായ മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. 16 ആളുകള്‍ നിപയെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.

ജൂണ്‍ 16 വരെ കേരളത്തില്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും അടിയന്തിരമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഏതുതരം പനി അനുഭവപ്പെടുന്നവരും ആരോഗ്യ വകുപ്പിന്റെ അതാത് ആശുപത്രികളിലുള്ള നിപ സെല്ലുമായി ബന്ധപ്പെടാനും കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ഡികെ

Share this news

Leave a Reply

%d bloggers like this: