നിപ വൈറസ് ബാധ: ചികിത്സയിലായിരുന്ന യുവാവ് പൂര്‍ണ ആരോഗ്യവാന്‍; ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി…

നിപ വൈറസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് പൂര്‍ണമായും സുഖപ്പെട്ടതായി ആശുപത്രി അധികൃതര്‍. ഇതോടെ യുവാവിനെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനായി സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി. യുവാവിന്റെ രോഗം പൂര്‍ണമായി ഭേദമാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് അനുമതി തേടുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ നിപ ബാധ സംശയിച്ച് ഒരാള്‍ പോലും നിരീക്ഷണത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കടുത്ത പനി ബാധിച്ച് ചികില്‍സ തേടിയ പറവൂര്‍ സ്വദേശിയായ 20 കാരന് നിപ ബാധയാണെന്ന് ഇക്കഴിഞ്ഞ ജൂണ്‍ 4 നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്‍ഡക്‌സ് സാംപിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികില്‍സ നല്‍കാനായതാണ് രോഗബാധ തടയുന്നതിന് സഹായകമായത്.

അതിനിടെ, എറണാകുളം ജില്ലയില്‍ അടുത്തിടെ എച്ച്1എന്‍1 പനി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാവരും രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എച്ച്1എന്‍1 രോഗബാധിതരില്‍നിന്നു പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരില്‍ രോഗം പകരുന്നത്.

രോഗലക്ഷണങ്ങളുള്ളവര്‍ തിരക്കേറിയ ഇടങ്ങള്‍, മാളുകള്‍, തീയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും സാധാരണ വരുന്ന ജലദോഷപ്പനി രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനിന്നാലോ പനി കൂടുകയോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: