നിപ വൈറസിന് ശേഷം കേരളക്കരയെ ഭീതിയിലാഴ്ത്തി വെസ്റ്റ് നൈല്‍ വൈറസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു; പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്…

മലപ്പുറം: നിപ വൈറസിന്റെ ഭീതി അകലും മുന്‍പ് കേരളത്തെ ഭീതിയിലാഴ്ത്തി വെസ്റ്റ് നൈല്‍ വൈറസ്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് പുലര്‍ച്ചെയാണ് മരണമടഞ്ഞത്. മലപ്പുറം വേങ്ങര പ്രദേശവാസിയായ മുഹമ്മദ് ഷാന്‍ ആണ് മരണപ്പെട്ടത്.

വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര ആരോഗ്യ സംഘം മലപ്പുറത്ത് മുഹമ്മദിനെ സന്ദര്‍ശിക്കാനും രോഗ സ്ഥിതി വിലയിരുത്താനും എത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ഒത്തുചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗ അബ്ദക്ക് കാരണമാകുന്ന ക്യൂലസ്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. മുഹമ്മദില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ ഭോപാലിലെയും പൂനയിലെയും വൈറോളജി ലാബുകളിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ഈജിപ്തിലെ നൈല്‍ നദിയുടെ ഭാഗത്താണ് ഈ രോഗം ആദ്യം കണ്ടെത്തുന്നത്. പക്ഷികളെയാണ് ഈ രോഗം ആദ്യം ബാധിക്കുക. പക്ഷികളെ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകള്‍ രോഗത്തിന്റെ വൈറസുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങുകയും പിന്നീട് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവികളെ കടിക്കും രോഗം അവരിലേക്ക് പകരുകയും ചെയ്യും.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.

കൊതുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളില്‍ നിന്നും രക്ഷനേടുക എന്നത്. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്‌സിന്‍ ലഭ്യമല്ല എങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും.

വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: