നിപ ഒഴിയുന്നു: നാലു പേര്‍ ആശുപത്രി വിട്ടു, നിരീക്ഷണത്തില്‍ ഏഴുപേര്‍, പുതിയ രോഗബാധയില്ലെന്ന് വിലയിരുത്തല്‍

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്തത്തി റിപ്പോര്‍ട്ട് ചെയ്ത നിപ സംബന്ധിച്ച ആശങ്കള്‍ ഒഴിയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍. അതിനിടെ നിപ്പ വൈറസ് ബാധ സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു.

നിപ്പ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുരോഗതി സ്ഥിരീകരിക്കുന്നതിനായി യുവാവിന്റെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു. നിലവില്‍ യുവാവിന് നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെന്നത് മാത്രമാണ് ചെറിയ ആശങ്ക. മാതാവുമായി ഇന്നലെ യുവാവ് ഇന്റര്‍കോം വഴി സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം, മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തു പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത സാഹചര്യത്തിലാണ് നിപ്പ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകളിലേക്ക് അധികൃതര്‍ നീങ്ങുന്നതിന് പിന്നില്‍. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്തു വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10,000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചിട്ടുണ്ട്. 450 പഴ്സനല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കി. നിപ്പയെക്കുറിച്ചു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീമിന്റെ നേതൃത്വത്തിലാണ് നടപടി.

Share this news

Leave a Reply

%d bloggers like this: