നിപ്പ വൈറസ് വെള്ളിത്തിരയിലേക്ക്; ലിനിയായി റിമ, ശൈലജയായി രേവതി; സംവിധാനം ആഷിക് അബു

മലയാളി നഴ്സുമാര്‍ ഇറാക്കില്‍ തീവ്രവാദികളുടെ പിടിയിലായ സംഭവം ടെക്ക് ഓഫിലൂടെ വെള്ളിത്തിരയിലെത്തിയതിനു ശേഷം മറ്റൊരു യഥാര്‍ത്ഥ സംഭവും ഒരു നഴ്സിന്റെ ജീവത്യാഗവും സിനിമയാകുന്നു. കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ‘വൈറസ്’ എന്ന ചിത്രമൊരുക്കുന്നത് ആഷിക് അബുവാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത് ആരൊക്കെ എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നഴ്‌സ് ലിനിയായി റിമ കല്ലിങ്കലും ആരോഗ്യമന്ത്രി കെ കെ ശൈലജയായി രേവതിയും ചിത്രത്തിലെത്തും.

‘നിപ്പ ശരിക്കും മാനവരാശിയുടെ ഒരു ചെറുത്തുനില്‍പ്പായിരുന്നു. ഒരു സിനിമയ്ക്കുള്ളതല്ല മറിച്ച് ഒരുപാട് സിനിമകള്‍ക്കുള്ള കഥകള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഏറ്റവുമധികം അഭിമാനിക്കാവുന്ന ഒരു സംഗതിയാണ് നിപ്പ പ്രതിരോധം- ഇത്തരത്തിലൊരു കഥ സിനിമയാക്കാനിടയായ സാഹചര്യം ആഷിക് വ്യക്തമാക്കുന്നു.

എല്ലാവരും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും നില കൊണ്ടതു കൊണ്ടാണ് ഈ വൈറസിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ബംഗ്ലാദേശിലൊക്കെ രോഗം തിരിച്ചറിയാന്‍ തന്നെ ഏറെ വൈകി. ഒരുപാടു പേര്‍ മരിച്ചു. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്.

ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പാര്‍വതി, കാളിദാസ് ജയറാം തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. ഷൂട്ട് ഡിസംബറില്‍ തുടങ്ങുമെന്നാണ് സൂചന.

 

എ എം

Share this news

Leave a Reply

%d bloggers like this: