നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ്; രോഗം ബാധിച്ച ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ല

നിപ രോഗം ബാധിച്ച് ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്. രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാര്‍ജിന് മുന്‍പുള്ള അവസാന പരിശോധനയിലാണെന്നും, ഇനി രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനോടൊപ്പം രോഗത്തിന്റെ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും ആരോഗ്യവകുപ്പ് ഫെയ്സ്ബുക്ക് പേജില്‍ വ്യക്തമാക്കി.

രോഗത്തിന്റെ ചികിത്സക്കായി ചിലവായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഒപ്പം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന രോഗം ബാധിച്ചവരുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും അതിന് സഹായിക്കാനുള്ള ദൗത്യം നാമെല്ലാം ഏറ്റെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. രോഗകാരണത്തെക്കുറിച്ചും രോഗം പടര്‍ന്നതിനെക്കുറിച്ചുമുള്ള വിദഗ്ധ പഠനം ഉടന്‍ പ്ലാന്‍ ചെയ്യുന്നതാണ്. ഈ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയിതുണ്ടായാല്‍ എങ്ങിനെ അതിനെ നേരിടണമെന്ന മാര്‍ഗ്ഗരേഖയും തയ്യാറാക്കും, ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതുതായി വൈറസ് ബാധ കണ്ടെത്താനാകാത്തത് ആശ്വാസം പകരുന്നു. ഭയം കുറഞ്ഞതോടെ ജില്ലയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങി. തിങ്കളാഴ്ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. സംശയത്തിന്റെപേരില്‍ അഞ്ചുപേരെക്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരടക്കം 24 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി സന്പര്‍ക്കമുള്ളവരുടെ പട്ടികയില്‍ 2377 പേരുണ്ട്. 240 പേരുടെ പരിശോധനാ ഫലങ്ങളില്‍ 222 എണ്ണവും നെഗറ്റീവാണ്.

വൈറസ്ബാധയുടെ ഉറവിടമറിയാന്‍ പരിശോധന തുടരുകയാണ്. നേരത്തേ പരിശോധനയ്ക്കയച്ച വവ്വാലുകളിലും മുയലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. രോഗം പകര്‍ന്നത് മനുഷ്യരില്‍നിന്നാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് ഡല്‍ഹി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയ് കിരണ്‍ അറിയിച്ചു.

സൂപ്പിക്കടയില്‍ മരിച്ച സഹോദരങ്ങളുടെ വീട്ടിലെ മുയലുകളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമോളജിയിലെ ഡോ. എ.പി. സുഗുണന്‍ പറഞ്ഞു. ഇതുവരെ രോഗം ബാധിച്ച 17 പേര്‍ മരിച്ചു. രണ്ടുപേര്‍ വൈറസ് മുക്തരായി സുഖംപ്രാപിച്ചുവരുകയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: