നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ അല്ലെന്ന് പരിശോധനാഫലം

നിപ്പ വൈറസിന്റെ ഉറവിടം ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല.

21 സാമ്പിളുകളാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ വവ്വാലില്‍ നിന്ന് മാത്രം മൂന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കോഴിക്കോട് ആദ്യം നിപ്പ ബാധ കണ്ടെത്തിയ സാബിത്തിന്റെ വീട്ടിലെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളാണ്.

കൂടാതെ പന്നി ഉള്‍പ്പെടെ രോഗം വരാന്‍ സാധ്യതയുള്ള മൃഗങ്ങളുടെ സാമ്പിളുകള്‍ അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഭോപ്പാല്‍ ലാബില്‍ നിന്ന് വന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം വൈറസിന്റെ സാന്നിദ്ധ്യം സാമ്പിളുകളില്‍ കണ്ടെത്താനായില്ല.

ഇതുവരെ ഈ രോഗം പകര്‍ന്ന എല്ലായിടത്തും വവ്വാലാണ് ഇത് പരത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇവിടേയും അത് സംശയിച്ചത്. രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്നയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുണ്ടായിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ പരശോധനയ്ക്കായി നാളെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. ഇവര്‍ ഇനി പഴങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. എന്നാല്‍ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല എന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.

അതു കൊണ്ടു തന്നെ നിപ്പ വൈറസിന്റെ ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും പരിശോധിക്കുന്നുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: