നിപ്പാ വൈറസ്: മരണം 16 ആയി; മലബാര്‍ ഒറ്റപ്പെടുന്നു, ക്രിസ്ത്യന്‍ പള്ളികളിലും ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തില്‍ ജാഗ്രതപാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ നിപ്പാ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോജ.

നിപ്പ വൈറസ് ബാധയുടെ രണ്ടാം വരവെന്ന സംശയത്തെത്തുര്‍ന്ന് 1949 പേര്‍ നിരീക്ഷണത്തിലാണ്. ആദ്യരോഗിയില്‍ നിന്നു നിപ്പ രോഗപ്പകര്‍ച്ച ഉണ്ടായവര്‍ക്കു രോഗം പ്രത്യക്ഷപ്പെട്ട ശേഷം അവരില്‍ നിന്നു വൈറസ് പകര്‍ന്നവരാണ് രണ്ടാംഘട്ടത്തിലെ രോഗികള്‍ . രോഗബാധിതരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായതായി സംശയിക്കുന്നവരാണിവര്‍ . ഭീതി വേണ്ടെന്നും അതേസമയം, അതീവജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. വൈറസ് ബാധ പൂര്‍ണ നിയന്ത്രണത്തിലാകും വരെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നേരത്തേ ചികില്‍സയിലിരുന്ന രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ആറു ഡോക്ടര്‍മാര്‍ക്കും എട്ടു നഴ്‌സുമാര്‍ക്കും അവധി നല്‍കിയിരുന്നു.

രോഗലക്ഷണങ്ങളുള്ളവരുടെ ചികില്‍സയ്ക്കു പ്രത്യേക സൗകര്യമൊരുക്കുമെന്നു കലക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നിപ്പ ബാധിത മേഖലകളിലെ തിരക്ക് കൂടുതലുള്ള മജിസ്‌ട്രേട്ട്, കുടുംബ കോടതികളില്‍ ആറു വരെ സിറ്റിങ് ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിപ്പ ബാധിച്ച് ജില്ലാകോടതി സീനിയര്‍ സൂപ്രണ്ട് മരിച്ച സാഹചര്യത്തില്‍ കോടതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ വ്യാപാരമേഖലയും ഗതാഗതരംഗവും നിശ്ചലാവസ്ഥയിലാണ്. ബസ് യാത്ര പരമാവധി ഒഴിവാക്കുകയാണ് പലരുടെയും ലക്ഷ്യം. അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ ഏറെയും സ്വന്തം വാഹനങ്ങളുപയോഗിക്കുന്നു. യാത്രക്കാര്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുകയാണ്. ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരിലും വന്‍ കുറവാണനുഭവപ്പെടുന്നത്. തിയേറ്ററും ഹോട്ടലുകളും പൂട്ടി.

നിപ്പാ വൈറസ് രണ്ടാം ഘട്ട ഭീതിയില്‍ പുറത്തുനിന്നുള്ളവര്‍ മലബാറിലേക്ക് വരാത്തസ്ഥിതിയാണ്. പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ചിരിക്കുകയാണ്. പ്രവാസികളായ നഴ്സുമാരും ഡോക്ടര്‍മാരും യാത്രകള്‍ മാറ്റിവച്ചിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞു. നിപ്പാ ഭീതി സാമ്പത്തികമായി മലബാറിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

നിപ്പ ഭീതി പടര്‍ന്നതോടെ കത്തോലിക്ക സഭയും കടുത്ത നിയന്ത്രണങ്ങളാണ് പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിപ്പ വൈറസ് ഭീതിഅകലുന്നതു വരെ പള്ളികളില്‍ കുര്‍ബാന നാവില്‍ നല്‍കരുതെന്നും മാമ്മോദീസ, വിവാഹം, വീട് വെഞ്ചരിപ്പ് തുടങ്ങിയവ നിപ്പ ഭീതി അകലുന്നതു വരെ കഴിയുമെങ്കില്‍ മാറ്റി വയ്ക്കണമെന്നും താമരശ്ശേരി ബിഷപ്പ് റമീജിയൂസ് ഇഞ്ചനാനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പള്ളികളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ കാലത്ത് വിവാഹം, മാമ്മോദീസ, വീട് വെഞ്ചരിക്കല്‍ തുടങ്ങിമാറ്റിവയ്ക്കാന്‍ കഴിയുന്ന ചടങ്ങുകള്‍ കഴിയുന്നിടത്തോളം നീട്ടി വെയക്കാനാണ് നിര്‍ദ്ദേശം. ഭവനങ്ങളിലെ പ്രാര്‍ത്ഥന കൂട്ടായ്മക്കും രൂപത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പ ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപതയിലെ മതപഠന ക്ലാസുകളും മാറ്റി വച്ചിരിക്കുകയാണ്. അത്യാവശ്യമില്ലാത്ത യാത്രകളും സമ്മേളനങ്ങളും ആഘോഷങ്ങളും പൂര്‍ണ്ണമായും വേണ്ടെന്നു വെയ്ക്കണമെന്നും രോഗഭീതി അകലുന്നതുവരെ ഭവനങ്ങളിലെ കുടുംബകൂട്ടായ്മകള്‍ മാറ്റിവെയ്ണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: