നിപ്പാ വൈറസ് ഭീതിയില്‍ കേരളം; വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ എയിംസില്‍ നിന്നുള്ള സംഘം

 

പനി മരണങ്ങള്‍ കൂടിയതോടെ കേരളമൊട്ടാകെ ആശങ്കയിലാണ്. മരണങ്ങളില്‍ മൂന്നെണ്ണം നിപ്പാ വൈറസ് ബാധമൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പനി ബാധിതരും ചികിത്സ തേടിയവരും ഭീതിയിലാണ്. നിപ്പാ വൈറസ് ബാധ മൂലമുള്ള പനി പടരുന്ന കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് ഒടുവില്‍ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ശുശ്രൂഷിച്ചതു ലിനിയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു മരണം. ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പനി മരണം 16 ആയി. കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ആറുപേര്‍ ഞായറാഴ്ച മരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 15 ആയി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതു നിപ്പാ വൈറസ് ബാധ മൂലമാണെന്നു പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധയോടെ പത്തു പേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തില്‍ പരിശോധനയ്ക്കയച്ചത്.

ഞായറാഴ്ച മരിച്ച ആറില്‍ അഞ്ചുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നഴ്സും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു മരണം ഡെങ്കിപ്പനി മൂലമാണ്. ആറുപേരില്‍ ഒരാളുടെ മരണം നിപ്പാ വൈറസ് ബാധ മൂലമാണോയെന്നു സംശയമുണ്ട്. പനി, തലവേദന, ഛര്‍ദി, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ് നിപ്പാ വൈറസ് ലക്ഷണങ്ങള്‍. ചിലര്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കും ലക്ഷണങ്ങള്‍ 10 മുതല്‍ 12 ദിവസം വരെ നീണ്ടുനില്‍ക്കും. പിന്നീട് അബോധാവസ്ഥയിലാവുകയും രോഗം മൂര്‍ച്ഛിച്ച് മസ്തിഷ്‌ക മരണം സംഭവിക്കും. മരണം വരെ സംഭവിക്കാം.

വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തില്‍ എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളില്‍ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു.

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നുപിടിച്ച മാരക മസ്തിഷ്‌കജ്വരത്തിനു കാരണമായ വൈറസ് ആണിത്. നിപ്പാ മേഖലയില്‍ പ്രത്യക്ഷപ്പെട്ടതിനാലാണ് ഈ പേര് ലഭിച്ചത്. ഇതുവരെ പ്രതിരോധ വാക്സിന്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ രോഗ ബാധിതരുടെ മരണനിരക്ക് 74.5% ആണ്. പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ വൃത്തിയായി കഴുകുക, രോഗിയെ പരിചരിക്കുമ്പോള്‍ മാസ്‌കും കയ്യുറയും ധരിക്കുക, വവ്വാലുകള്‍ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങള്‍ കുടിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. നിപാ വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ വിവരമാണ് കേന്ദ്ര രോഗ നിവാരണ സംഘത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുമായും രോഗബാധിതരുമായും അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം എന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കി.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: