നിപ്പയ്ക്ക് പിന്നാലെ ഷിഗല്ലെ: കോഴിക്കോട് രണ്ട് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ ഷിഗല്ലഭീതിയില്‍ കോഴിക്കോട്. ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയില്‍ ആയിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. നേരത്തെ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

പുതുപ്പാടി സ്വദേശികളായ ഇരട്ട കുട്ടികളെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കുട്ടി മരിച്ചത്.ഇരട്ടസഹോദരന്‍ ഫയാന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫയാനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കം മരണത്തിനു കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. 2016ല്‍ ജില്ലയില്‍ നാലു കുട്ടികള്‍ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: