‘നിനക്ക് ടോയ്ലെറ്റിന്റെ മണമാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്”: സ്റ്റീവ് ജോബ്സിനെതിരെ വെളിപ്പെടുത്തലുമായി മകള്‍

ഒരു ലക്ഷം കോടി ഡോളര്‍ വിറ്റുവരവുള്ള ലോകത്തിലെ ആദ്യ കമ്പനി എന്ന അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ടെക് രംഗത്തെ ഭീമനായ ആപ്പിള്‍. 1976 ല്‍ സുഹൃത്ത് സ്റ്റീവ് വൊസ്‌നിക്കിയാവിനോപ്പം തന്റെ ഗാരേജിലാണ് സ്റ്റീവ് ജോബ്‌സ് എന്ന അതിമാനുഷന്‍ ആപ്പിള്‍ കമ്പനി ആരംഭിക്കുന്നത്. ആപ്പിളിനെ ലോകോത്തര കമ്പനിയായി വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സ്റ്റീവ് ജോബ്സിന്റെ അസാമാന്യ ചിന്താശേഷിയും വൈദഗ്ധ്യവും തന്നെയാണെന്നത് വസ്തുതയാണ്.

എന്നാല്‍, തന്നോടുള്ള സമീപനത്തില്‍ അച്ഛന്‍ വെറും പരാജയമായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സ്റ്റീവ് ജോബ്സിന്റെ മൂത്ത മകള്‍ ലിസ ബ്രണ്ണന്‍ ജോബ്‌സ്. തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘സ്മാള്‍ ഫ്രൈ’ എന്ന ഓര്‍മ്മപ്പുസ്തകത്തിലാണ് ലിസ അച്ഛനുമായുള്ള ബന്ധത്തിന്റെ കയ്‌പേറിയ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ വാനിറ്റി ഫെയര്‍ പ്രസിദ്ധീകരിച്ച ഒരു ഭാഗത്തു ലിസ പറയുന്നത് അച്ഛന്‍ തന്റെ അസ്തിത്വത്തെ പോലും അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു എന്നാണ്. താന്‍ വന്ധ്യത ഉള്ള ആളാണെന്നു പോലും അച്ഛന്‍ പറഞ്ഞിരുന്നു എന്നാണ് അവര്‍ പറയുന്നത്. ലിസ തന്റെ മകളാണെന്ന് പിതൃത്വ പരിശോധനയില്‍ തെളിഞ്ഞിട്ടു പോലും അദ്ദേഹം തന്നെ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നും അവര്‍ ആരോപിക്കുന്നു.

1980 ഡിസംബര്‍ 8 ന് ആപ്പിളിന്റെ വിജയത്തോടെ സ്റ്റീവ് ജോബ്‌സ് സമ്പന്നനാവുന്നതിന് നാലു ദിവസം മുമ്പാണ് തന്റെ സംരക്ഷണത്തിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളില്‍ അച്ഛന്‍ തീര്‍പ്പുണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞതായും ലിസ പുസ്തകത്തില്‍ പറയുന്നുണ്ട്. പണത്തിന്റെയും ഭക്ഷണത്തിന്റെയും വാക്കുകളുടെയും കാര്യത്തില്‍ അച്ഛന്‍ തന്നോട് ഒരു ഉദാരതയും കാണിച്ചിട്ടില്ല, ലിസ പറയുന്നു.

സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന പോര്‍ഷെ കാര്‍ അദ്ദേഹത്തിന് ആവശ്യമില്ലാതെ വരുമ്പോള്‍ ഉപയോഗിക്കാമോ എന്ന് ചോദിച്ച മകളോട് നിനക്കൊന്നും കിട്ടാന്‍ പോകുന്നില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതത്രെ. 1987 ല്‍, ലിസക്ക് ഒമ്പത് വയസ്സ് പ്രായമുള്ളപ്പോള്‍ മാത്രമാണ് അവര്‍ തന്റെ മകളാണെന്ന് അംഗീകരിക്കാന്‍ സ്റ്റീവ് ജോബ്‌സ് തയ്യാറായത്. മരിക്കുന്നത് വരെ തന്നോട് അകന്ന ബന്ധം മാത്രമാണ് അച്ഛന്‍ കാത്തുസൂക്ഷിച്ചത് എന്നാണ് ലിസ ബ്രണ്ണന്‍ പറയുന്നത്. പാന്‍ക്രിയാസ് കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന അച്ഛനെ സന്ദര്‍ശിക്കാന്‍ പോയ ലിസയോട് നിന്റെ പെര്‍ഫ്യൂമിന് ടോയ്ലെറ്റിന്റെ മണമാണ് എന്നാണ് സ്റ്റീവ് ജോബ്‌സ് പറഞ്ഞത്.

സ്റ്റീവ് ജോബ്സിന് തന്റെ ആദ്യ കാമുകിയായ ക്രിസണ്‍ ബ്രെണ്ണനില്‍ പിറന്ന കുഞ്ഞാണ് ലിസ ബ്രണ്ണന്‍ ജോബ്‌സ്. 1978 ല്‍ ഒറിഗോണിലാണ് ലിസയുടെ ജനനം. ലിസയുടെ അമ്മ ഗര്‍ഭിണിയായപ്പോള്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു സ്റ്റീവ് ജോബ്‌സ്. പിന്നീട് വിവാഹം കഴിച്ച ലൗറേന്‍ പോവെല്ലില്‍ മൂന്ന് കുട്ടികളുണ്ട് സ്റ്റീവ് ജോബ്സിന്. ബിസിനസ്സ് ഇന്‍സൈഡര്‍ പറയുന്നത് പ്രകാരം ജോബ്സിന്റെ എല്ലാ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ മരണശേഷം കിട്ടിയത് ഇവര്‍ക്കാണ്.

അച്ഛനുമായി സാധാരണ ഒരു ബന്ധം മാത്രമേ താന്‍ ആഗ്രഹിച്ചിരുന്നുള്ളൂ എന്നും എന്നാല്‍ അച്ഛന്‍ തന്നോട് ഒരിക്കലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ലെന്നും ലിസ പറയുന്നു. മാക്കിന് മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ലിസ കമ്പ്യൂട്ടറിന് തന്റെ പേരാണോ ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അല്ല കുട്ടീ എന്നായിരുന്നു അച്ഛന്റെ മറുപടി, ലിസ ഓര്‍ക്കുന്നു. എന്നാല്‍ ആപ്പിളിന്റെ ആദ്യത്തെ പേര്‍സണല്‍ കമ്പ്യൂട്ടറായ ലിസക്ക് മകളുടെ പേര് തന്നെയാണ് നല്‍കിയതെന്ന് സ്റ്റീവ് ജോബ്‌സ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിച്ചു. ലിസയുടെ പുസ്തകം സെപ്തംബര്‍ 4 ന് പ്രകാശിതമാവും. പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2011 ല്‍ അമ്പത്തിയാറാമത്തെ വയസ്സിലാണ് സ്റ്റീവ് ജോബ്‌സ് അന്തരിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: