നിങ്ങള്‍ക്കും കാന്‍സറുണ്ടാകാം ; കാരണം ഇത്തരം ആഹാര സാധനങ്ങളാണ് അയര്‍ലന്റിലും വില്‍ക്കുന്നത്

വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഭക്ഷ്യ വസ്തുക്കളില്‍ കാന്‍സറിന് കാരണമാകുന്ന മാരക കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍ . ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയുടെ പരിശോധനയില്‍ 25-ഓളം ഉത്പന്നങ്ങളില്‍ ഉയര്‍ന്ന തോതില്‍ അക്രിലാമൈഡിന്റെ അംശം കണ്ടെത്തി. ക്രിസ്പുകള്‍, ബിസ്‌കറ്റുകള്‍, ബേബി ഫുഡ് എന്നിവയില്‍ അമിതമായ തോതില്‍ കെമിക്കലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

കെറ്റില്‍ ചിപ്സ്, ബര്‍ട്ട്സ് ക്രിസ്പ്സ്, ഹോവിസ്, ഫോക്സ് ബിസ്‌കറ്റ്സ്, കെന്‍കോ കോഫി, മക്വിറ്റീസ്, കൗ&ഗേറ്റ് ഉത്പന്നങ്ങള്‍ എന്നിവയാണ് അപകടകാരികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. 25-ഓളം ഉത്പന്നങ്ങളില്‍ ഉയര്‍ന്ന തോതില്‍ അക്രിലാമൈഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പഠനപ്രകാരം ഈ കെമിക്കലിന് ഡിഎന്‍എ മാറ്റിമറിയ്ക്കാനും, കാന്‍സര്‍ സൃഷ്ടിക്കാനുമുള്ള കഴിവുണ്ട്.

ഫ്രൈഡ്, ടോസ്റ്റഡ്, റോസ്റ്റഡ് ഭക്ഷണങ്ങളായ പൊട്ടറ്റോ, ബ്രഡ് എന്നിവയിലും അക്രിലാമൈഡാണ് വില്ലന്‍. ഇത് ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് മനുഷ്യര്‍ക്ക് വലിയ അപകടങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അക്രിലാമൈഡ് കെമിക്കലിന്റെ അംശം നാലിന് മുകളില്‍ ആകരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ പല പ്രമുഖ ഭക്ഷ്യവിഭവങ്ങളിലും ഇതെല്ലാം പരിധി വിട്ട് ചേര്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ വസ്തു കണ്ടെത്തിയ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ഇതുവരെ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പകരം ഇതിന്റെ അളവ് കുറയ്ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശ്രമിച്ച് വരികയാണെന്ന് ഇവയുടെ കമ്പനികള്‍ അവകാശപ്പെടുന്നു.

എന്നാല്‍ അക്രിലാമൈഡ് മനുഷ്യരില്‍ കാന്‍സര്‍ സൃഷ്ടിക്കുന്നുവെന്ന വാദങ്ങളെ ചില ആരോഗ്യ വിദഗ്ധര്‍ എതിര്‍ക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് വരെയുള്ള സാമ്പിളുകള്‍ പരിശോധനയില്‍ ഉള്‍പ്പെട്ടതാണ് ഈ പരിശോധനാ ഫലത്തിന് കാരണമെന്നും ഇപ്പോള്‍ തങ്ങള്‍ കെമിക്കലിന്റെ അളവ് കുറച്ചിട്ടുണ്ട് എന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഏതായാലും ന്യൂജനറേഷന്‍ ഭക്ഷ്യ വസ്തുക്കളുടെ പിന്നിലെ അപകടം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇത്.
എ എം

 

Share this news

Leave a Reply

%d bloggers like this: