നിഗൂഢമായ നാസയുടെ ബഹിരാകാശ പേടകം തിരിച്ചെത്തി

വാഷിംഗ്ടണ്‍ ഡി സി: രണ്ടുവര്‍ഷത്തെ ദൗത്യത്തിനുശേഷം യുഎസ് വ്യോമസേനയുടെ നിഗൂഡ ബഹിരാകാശ വിമാനം ഭൂമിയില്‍ തിരിച്ചെത്തി. 2017-ല്‍ സ്പേസ് എക്സ് റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് യുഎസ് ഫോഴ്‌സ് എക്‌സ് -37 ബി ബഹിരാകാശ വിമാനം നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞുവെന്ന സ്വന്തം റെക്കോര്‍ഡും തിരുത്തിക്കുറിച്ചു കൊണ്ടാണ് പേടകത്തിന്റെ മടങ്ങിവരവ്. ഇതിന്റെ പ്രവര്‍ത്തനങ്ങളെന്തായിരുന്നുവെന്ന് നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

780 ദിവസമാണ് ഈ വാഹനം ബഹിരാകാശത്ത് വട്ടമിട്ടത് എക്‌സ് -37 ഭൂമിയെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്താണതിന്റെ ലക്ഷ്യമെന്ന് ആര്‍ക്കുമറിയില്ല. അമേരിക്കന്‍ വ്യോമ സേനയുടെ മിക്ക നീക്കങ്ങളും അത്രമാത്രം നിഗൂഢവും രഹസ്യവുമായിരിക്കും.1999-ലാണ് എക്‌സ് 37എന്ന പദ്ധതി നാസ ആരംഭിക്കുന്നത്. ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങള്‍ക്കുള്ള ‘ഓര്‍ബിറ്റര്‍ ടെസ്റ്റ് വെഹിക്കിള്‍’ ആണ് അത്. സ്‌പേസ് ഡ്രോണ്‍ എന്നും ഈ വെഹിക്കിള്‍ അറിയപ്പെടുന്നു.

ഒറ്റക്കാഴ്ചയില്‍ നാസയുടെ സ്‌പേസ് ഷട്ടിലിനെപ്പോലെയിരിക്കുമെങ്കിലും വളരെ ചെറുതാണിവ. അതിനാല്‍ത്തന്നെ മനുഷ്യനെ വഹിച്ചുള്ള യാത്രയും സാധ്യമല്ല. 240 ദിവസം വരെ ബഹിരാകാശത്ത് ചെലവഴിക്കാന്‍ നിര്‍മിച്ച ഈ വാഹനം ഇതുവരെ അഞ്ചു ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാരപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഡ്രോണാണ് ഇതെന്നാണ് പ്രധാന സംശയം. രാജ്യാന്തര ബഹിരാകാശ നിലയത്തെ കുറിച്ച് ലോകത്തിന് എല്ലാം അറിയാം. പക്ഷെ, എക്‌സ്-37 ബിയിലേക്കു മാത്രം അമേരിക്ക ആരെയും അടുപ്പിച്ചിട്ടില്ല; അതുകൊണ്ടു തന്നെ ഈ ദൗത്യത്തിന്റെ ലക്ഷ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: