നികുതി ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ബഡ്ജറ്റില്‍ ഏറെ പ്രതീക്ഷകള്‍

ഡബ്ലിന്‍: വരുമാനം കുറഞ്ഞവര്‍ക്ക് നികുതിയില്‍ ഇളവ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ബഡ്ജറ്റില്‍ ഉറപ്പായും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. 2018 ബഡ്ജറ്റില്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാനായി ഒന്നും തന്നെയില്ലെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തോട് ചേര്‍ന്ന് നിന്ന ലേബര്‍പാര്‍ട്ടിയുടെ നേതാവ് ബ്രണ്ടന്‍ ഹൗളിങ്സിന്റെ വാദത്തെ നിഷ്പ്രഭമാക്കികൊണ്ട് ലിയോ വരേദ്കര്‍ നല്‍കിയ മറുപടിയിലാണ് ഇതിനെക്കുറിച്ച് സൂചനയുള്ളത്. ഇത്തരം വാദങ്ങള്‍ ശരിയല്ലെന്നും യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് 5 ശതമാനം കുറയ്ക്കുമെന്ന വാര്‍ത്തയെ സാധൂകരിക്കുന്നതുമായ മറുപടിയാണ് വരേദ്കറില്‍ നിന്ന് ഉണ്ടായത്.

നികുതി ധായകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്ന വിധമാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് വരേദ്കര്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് കൂടുതല്‍ ശമ്പളം വാങ്ങുന്നവരും കുറഞ്ഞ ശമ്പളക്കാരും ഉണ്ടെന്ന് ഉറപ്പിച്ച വരേദ്കര്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്നവര്‍ക്ക് ടാക്‌സ് കൂട്ടുകയും കുറഞ്ഞ വേതനക്കാര്‍ക്ക് പരമാവധി നികുതി കുറച്ചുകൊണ്ടുമുള്ള സംവിധാനമായിരിക്കും ബഡ്ജറ്റിലൂടെ കടന്നു വരുന്നത് എന്ന സൂചന നല്‍കിയിട്ടുണ്ട്.
അയര്‍ലണ്ടില്‍ സാമ്പത്തിക അസമത്വം ഉണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന പ്രധാനമന്ത്രി അത് ഇല്ലാതാക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ നയിക്കുമെന്ന ശക്തമായ ആശയവും മുന്നോട്ട് വെയ്ക്കുകയാണ്.

സാധാരണക്കാരന് അധിക ബാധ്യതയായി തീരുന്ന നികുതി കുറക്കാനുള്ള ശ്രമങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം കല്പിക്കുന്നതെന്ന് മന്ത്രി പ്രസ്താവിച്ചു. ഇത്തരത്തില്‍ ഒരു നികുതി വെട്ടി കുറക്കപെട്ടാല്‍ രാജ്യത്തെ ശരാശരി വരുമാനക്കാരന് അത് ഏറെ ആശ്വാസകരമായിരിക്കും. നികുതി കൂടാതെ ബഡ്ജറ്റില്‍ പ്രതീക്ഷിക്കാവുന്ന മറ്റു ചില കാര്യങ്ങളെ കൂടി വരേദ്കര്‍ എടുത്തു പറഞ്ഞു. കോളേജ് ഫീസ് കുറക്കുക, ശിശു സംരക്ഷണ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുക, തിങ്ങി നിറഞ്ഞ പ്രൈമറി-സെക്കണ്ടറി ക്ളാസ്സുകളിലെ അംഗബലം കുറച്ച് കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുക തുടങ്ങിയവയും ബഡ്ജറ്റില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഡിവിഷനുകള്‍ കൂടുന്നതിനനുസരിച്ച് അദ്ധ്യാപകരുടെ നിയമനവും ഇതോടൊപ്പം പരിഗണിക്കപ്പെടും. സാമൂഹികമായും സാമ്പത്തികമായും വ്യത്യസ്തമായ ഉള്‍ക്കാഴ്ചയോടെയുള്ള ബഡ്ജറ്റ് ആണ് വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: