നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ കുപ്രസിദ്ധ ക്യാമ്പായ ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശനം നടത്തി എയ്ഞ്ചലാ മെര്‍ക്കല്‍

ബെര്‍ലിന്‍: പഴയ നാസി പടയോട്ടത്തെ ഓര്‍മിപ്പിക്കുന്ന കുപ്രസിദ്ധ ക്യാമ്പ് ‘ഓഷ്വിറ്റ്‌സ്’ സന്ദര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍. ജര്‍മന്‍ അധിനിവേശ പോളണ്ടിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഒന്നാണിത്. പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി, മുന്‍ തടവുകാരും വിവിധ ജൂത സംഘടനകളുടെ പ്രതിനിധികളും മെര്‍ക്കലിന് ഒപ്പം ഉണ്ടായിരുന്നു. നാസി ഭരണകൂടം നടപ്പാക്കിയ കുറ്റകൃത്യങ്ങള്‍ ജര്‍മ്മനിയുടെ ദേശീയ സ്വത്വത്തിന്റെ ഭാഗമായിരുന്നു എന്ന് സന്ദര്‍ശനത്തിന് ശേഷം മെര്‍ക്കല്‍ പ്രതികരിച്ചു.

ജര്‍മനിയിലെ നിലവിലെ തീവ്ര വലത് പക്ഷത്തെ ലക്ഷ്യം വച്ചായിരുന്നു മെര്‍ക്കലിന്റെ പരാമര്‍ശം. ജര്‍മ്മനിയുടെ നാസി ഭൂതകാലത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നും അതിന്റെ ചരിത്രം ആഘോഷിക്കണമെന്നുമുള്ള ആള്‍ട്ടര്‍നേറ്റീവ് ഫര്‍ ഡച്ച്ഷ്‌ലാന്‍ഡ് (അഫ്ഡി) പാര്‍ട്ടി അംഗങ്ങളുടെ നിലപാടിനോട് കൂടിയായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം. 1940 നും 1945 നും ഇടയില്‍ ഓഷ്വിറ്റ്‌സ്-ബിര്‍കെനൗവില്‍ ഒരു ദശലക്ഷം ജൂതന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ജര്‍മ്മനിയെ അഗാധമായ നാണക്കേടിലേക്ക് തള്ളിവിടുന്നതാണിത്. ഇതില്‍ ജര്‍മ്മന്‍ സമൂഹത്തിനുള്ള ഖേദം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല- കൂട്ടക്കുരുതി അതിജീവിച്ചവരെ അഭിസംബോധന ചെയ്തുകൊണ്ട് മെര്‍ക്കല്‍ പറഞ്ഞു.

അടുത്ത കാലത്തായി ജര്‍മ്മനിയില്‍ ജൂതവിരുദ്ധവും വിദ്വേഷപരവുമായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനെ കുറിച്ചു ചാന്‍സലര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ഭയാനകമായ തലത്തിലെത്തിയെന്നും മെര്‍ക്കല്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധസമയത്തും നാസി കൂട്ടക്കൊല അരങ്ങേറിയ സമയത്തും അധിനിവേശ പോളണ്ടില്‍ നാസി ജര്‍മ്മനി നിര്‍മ്മിച്ചതും പ്രവര്‍ത്തിപ്പിച്ചതുമായ 40 ലധികം തടങ്കല്‍പ്പാളയങ്ങളുടെയും ഉന്മൂലന ക്യാമ്പുകളുടെയും ഒരു സമുച്ചയമായിരുന്നു ഓഷ്വിറ്റ്‌സ് തടങ്കല്‍പ്പാളയം. ഓഷ്വിറ്റ്‌സ് മൂന്നാമന്‍-മോണോവിറ്റ്‌സ്, ഒരു സിന്തറ്റിക്-റബ്ബര്‍ ഫാക്ടറിയിലെ ജീവനക്കാര്‍ക്കായി സൃഷ്ടിച്ച മോണോവിസിലെ ലേബര്‍ ക്യാമ്പും ഡസന്‍ കണക്കിന് ഉപക്യാമ്പുകളുമായിരുന്നു കൂട്ടക്കൊലയാക്കായി അന്ന് മാറ്റം വരുത്തിയത്.

1942 ന്റെ ആരംഭം മുതല്‍ 1944 അവസാനം വരെ ചരക്ക് ട്രെയിനുകള്‍ ജര്‍മ്മന്‍ അധിനിവേശ യൂറോപ്പിലെമ്പാടുമുള്ള ജൂതന്മാരെ ഗ്യാസ് ചേമ്പറുകളിലേക്ക് എത്തിച്ചു. അവിടെ എത്തിയ 960,000 ജൂതന്മാരില്‍ 865,000 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ് കണക്കുകള്‍. 1.3 ദശലക്ഷം ആളുകളെ ക്യാമ്പിലേക്ക് നാടുകടത്തി, 1.1 ദശലക്ഷം പേര്‍ മരിച്ചു. വിഷവാതക പ്രയോഗത്തിന് പുറമെ പട്ടിണി, രോഗം, വ്യക്തിഗത വധശിക്ഷ, മര്‍ദ്ദനം എന്നിവ മൂലവും ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: