നാസയുടെ ഉപഗ്രഹം കാസിനി ശനിയില്‍ പൊട്ടിത്തെറിച്ചു

 

ശനി ഗ്രഹത്തെക്കുറിച്ചുള്ള നിഗൂഢരഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച നാസയുടെ ബഹിരാകാശപേടകം ‘കാസിനി’ ഓര്‍മയായി. ഇരുപതുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കാസിനി ശനിയുടെ അന്തരീക്ഷത്തില്‍ പതിച്ച് സ്വയം എരിഞ്ഞടങ്ങി. തീ പടരുന്നതിന് ഒരുമിനിറ്റ് മുമ്പുവരെ ശനിഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കാസിനി ഭൂമിയിലേക്കയച്ചു. 27 രാജ്യങ്ങളുടെ സഹകരണത്തോടെ 1500 ശാസ്ത്രജ്ഞരാണ് കാസിനിയുടെ ബൃഹത് ദൌത്യത്തില്‍ പങ്കാളികളായത്. വികാരനിര്‍ഭരമായ വാക്കുകളോടെ നാസ കാസിനിക്ക് യാത്രാമൊഴിയേകി.

സൌരയൂഥത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ഗ്രഹമായ ശനിയെക്കുറിച്ച് പഠിക്കാന്‍ ആദ്യമായി വിക്ഷേപിച്ച ബഹിരാകാശപേടകമാണ് കാസിനി. 1997 ഒക്ടോബറില്‍ വിക്ഷേപിച്ച കാസിനി 2004 ജൂണിലാണ് ശനിഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. 13 വര്‍ഷം ശനിയെ ചുറ്റിയ കാസിനി ഇന്ധനശേഷി അവസാനിച്ചതോടെയാണ് ദൌത്യം അവസാനിപ്പിച്ചത്.

ശനിയുടെ അന്തരീക്ഷത്തെക്കുറിച്ചും മറ്റും സുപ്രധാന അറിവുകള്‍ പകര്‍ന്നുതന്നത് കാസിനിയാണ്. ശനിയുടെ 4,53,000 ചിത്രങ്ങള്‍ പേടകം കൈമാറിയിട്ടുണ്ട്. 390 കോടി ഡോളറാണ് ദൌത്യത്തിനായി ചെലവഴിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 5.25നാണ് കാസിനി എരിഞ്ഞടങ്ങിയത്.

കാസിനി ദൌത്യം മഹത്തരമായിരുന്നെന്നും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായുള്ള കാസിനിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും ദൌത്യത്തില്‍ തന്നോടൊപ്പം നിന്ന ടീമംഗങ്ങളോട് നന്ദിയുണ്ടെന്നും കാസിനി ദൌത്യതലവന്‍ യേള്‍ മെയ്‌സ് പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: