നാഷണല്‍ ഹെറാള്‍ഡ് കേസ്: ഒരു പത്രം കോണ്‍ഗ്രസിനെ വലച്ച കഥ

നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസിനെ വലയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി വിധി കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള നല്ലൊരായുധമായി ബിജെപിക്ക്. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ നാലു ദിവസങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചു. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരിചിതമായിക്കഴിഞ്ഞതിനാല്‍ വലിയ പ്രശ്‌നമില്ല. പരിചിതമാകാത്തവര്‍ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വേണ്ടത്ര സഹിഷ്ണുത പുലര്‍ത്താത്തവരാണെന്നു കരുതുകയേ നിവൃത്തിയുള്ളൂ.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസും നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളാണ് വ്യക്തമാകുന്നത്. 1938 ലാണ് ജവഹര്‍ ലാല്‍ നെഹ്‌റു നാഷണല്‍ ഹെറാള്‍ഡ് പത്രം തുടങ്ങുന്നത്. അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് ഇതിനു കീഴിലാണ് പത്രം പ്രവര്‍ത്തിച്ചിരുന്നത്. കമ്പനി ഖ്വാമി ആവാസ് ന്ന ഉറുദു പത്രവും നവജീവന്‍ എന്ന ഹിന്ദി പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഫിറോസ് ഗാന്ധിയായിരുന്നു ഏറെക്കാലം പത്രത്തിന്റെ പബ്ലിഷര്‍. തലപ്പത്ത് നെഹ്‌റുവും.

സ്വാതന്ത്ര്യ സമരകാലത്തും തുടര്‍ന്നും ദേശീയ തലത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡ് കെടുകാര്യസ്ഥതയും വരുമാനമില്ലായ്മയും കാരണം പിന്നീട് നിലനില്‍പ്പ് പരുങ്ങലിലായി. ജീവനക്കാര്‍ അധിക ബാധ്യതയായി. 2008 ഏപ്രിലില്‍ പത്രം പ്രസിദ്ധീകരണം നിര്‍ത്തി.

കമ്പനിയെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പലിശ രഹിത വായ്പ നല്‍കി. 2010വരെ കാലാവാധി നിശ്ചയിച്ചുള്ള ഹ്രസ്വകാല വായ്പ.

2009 മാര്‍ച്ച് അവസാനം ഈ കടം 78.2 കോടി രൂപയും 2010 മാര്‍ച്ചില്‍ 89.67 കോടി രൂപയായും ഉയര്‍ന്നു. പത്രം പൂട്ടിയെങ്കിലും നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ അസോസിയേറ്റ് ജേണലിന് വലിയ ആസ്തിയുണ്ട്. മഹാനഗരത്തില്‍ വമ്പന്‍ കെട്ടിടങ്ങളും സ്വത്തുക്കളുമുണ്ട്. എന്നിട്ടും കമ്പനി വായ്പാ തുക എഐസിസിക്ക് തിരിച്ചുനല്‍കിയില്ല.

2002 മാര്‍ച്ച് 22 മുതല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറയാണ് അസോസിയേറ്റ് ജേണലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. വോറ തന്നെയാണ് എഐസിസി ട്രഷററും. അസോസിയേറ്റ് ജേണലിന്റെ മാനേജിങ് ഡയറക്ടറാകുന്നതിന് മുമ്പേ തന്നെ വോറ എഐസിസി ട്രഷററായിരുന്നു. എന്നിട്ടും കടം പാര്‍ട്ടിക്ക് തിരിച്ചടക്കുന്നതിന് കമ്പനിയുടെ ഭാഗത്തുനിന്നോ അത് തിരിച്ചുപിടിക്കുന്നതിന് പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ ഒരു നീക്കവുമുണ്ടായില്ല.

2010ല്‍ യങ് ഇന്ത്യന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രൂപീകരിച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെയും സാം പിത്രോഡയെന്ന സത്യനാരായണ്‍ ഗംഗാറാം പിത്രോഡയുമായിരുന്നു യങ് ഇന്ത്യന്‍ ഡയറക്ടര്‍മാര്‍. നാഷണല്‍ ഹെറാള്‍ഡ് പൂട്ടി രണ്ടുവര്‍ഷത്തിന് ശേഷമാണിത്.

സാം പിത്രോഡ ഇന്ത്യയിലെമ്പാടും അറിയപ്പെട്ടത് രാജീവ് ഗാന്ധിയുടെ കാലത്താണ്. പിട്രോഡയില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ടെലഫോണ്‍ മഹാവിപ്ലവം ഉണ്ടാകില്ലെന്ന് ധരിക്കുന്നവരാണ് കോണ്‍ഗ്രസുകാരിലേറെയും. പിട്രോഡ തുടങ്ങിയ ഈ കമ്പനിയില്‍ അതേ വര്‍ഷം, 2010 ഡിസംബര്‍ 13ന് രാഹുല്‍ഗാന്ധിയും ഡയറക്ടറായി.

2011 ജനുവരി 22ന് സോണിയാഗാന്ധിയും ബോര്‍ഡിലെത്തി. അതേ ദിവസം തന്നെ അസോസിയേറ്റ് ജേണലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മോത്തിലാല്‍ വോറയും കോണ്‍ഗ്രസ് രാജ്യസഭാ അംഗം ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ഡയറക്ടര്‍ ബോര്‍ഡിലെത്തി. സോണിയയ്ക്കും രാഹുലിനും 38 ശതമാനം വീതത്തില്‍ 76 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ശേഷിക്കുന്ന 24 ശതമാനം വോറയും ഫെര്‍ണാണ്ടസും പങ്കിട്ടു. സുമന്‍ ദുബെപിട്രോഡമാരില്‍ നിന്ന് ഈ നാലുപേരില്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശമെത്തി.

2010ല്‍ അസോസിയേറ്റ് ജേണലിന് നല്‍കിയ 90 കോടി കടത്തിന്റെ ഉത്തരവാദിത്തം യങ് ഇന്ത്യനിലേക്ക് മാറ്റാന്‍ എഐസിസി തീരുമാനിച്ചു. ഇതിലൂടെ അസോസിയേറ്റ് ജേണലിന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം രേഖപ്രകാരം യങ് ഇന്ത്യനിലേക്ക് മാറി. ഒട്ടും വൈകാതെ അതേ വര്‍ഷം ഡിസംബറില്‍ അസോസിയേറ്റ് ജേണല്‍ തങ്ങളുടെ എല്ലാ ഓഹരികളും 90 കോടി രൂപയുടെ കടബാധ്യതയോടെ യങ് ഇന്ത്യന് കൈമാറാനും തീരുമാനിച്ചു. 50 ലക്ഷം രൂപയാണ് യങ് ഇന്ത്യന്‍ എന്ന കമ്പനി ഈ ഏറ്റെടുക്കലിന് നല്‍കിയ പണം. അങ്ങനെ 90 കോടിയുടെ കടം ഏറ്റെടുത്തും 50 ലക്ഷം രൂപമാത്രം അധികം നല്‍കിയും 2,000 കോടി രൂപ ആസ്തിയുള്ള അസോസിയേറ്റേ ജേണലിനെ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മാത്രം ഉടമസ്ഥരായ യങ് ഇന്ത്യന്‍ എന്ന കമ്പനി സ്വന്തമാക്കി. കോണ്‍ഗ്രസിനുള്ള 90 കോടി രൂപ കടം തിരിച്ചടക്കേണ്ട ചുമതല അസോസിയറ്റ് ജേണല്‍ എന്ന കമ്പനിയില്‍നിന്ന് യങ് ഇന്ത്യന്‍ എന്ന നാല്‍വര്‍സംഘ കമ്പനിയുടേതായി മാറി.

അസോസിയേറ്റ് ജേണലിന്റെ ആസ്തി കണക്കാക്കുന്നത് ഏതാണ്ട് 2,000 കോടി രൂപയാണ്. കോണ്‍ഗ്രസിന്റെ 90 കോടി രൂപയുടെ കടം തീര്‍ക്കാന്‍ ഇതിന്റെ ചെറിയൊരുഭാഗം മതിയായിരുന്നു. അതിനുള്ള ഒരു ശ്രമവും കമ്പനി നടത്തിയില്ല. പാര്‍ട്ടി ആവശ്യപ്പെട്ടതുമില്ല. പകരം ചെയതത് ഇത്രയും ആസ്തിയുള്ള കമ്പനിയുടെ ഓഹരികള്‍ മുഴുവന്‍ മറ്റൊരു കമ്പനിക്ക് കൈമാറുകയായിരുന്നു. ഈ മാറ്റത്തോടെ അസോസിയേറ്റ് ജേണലിന്റെ എല്ലാ ആസ്തികളും യങ് ഇന്ത്യന്‍സിനായി.

ഈ തീരുമാനങ്ങളെടുത്തതും നടപ്പാക്കിയതിലും മുഖ്യചുമതല വഹിച്ചത് മോത്തിലാല്‍ വോറയാണ്. വോറ ട്രഷററായ എഐസിസിയാണ്, അദ്ദേഹം തന്നെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസോസിയേറ്റ് ജേണലിന് 90 കോടി കടം നല്‍കുന്നത്. ഇതേ വോറയാണ് അദ്ദേഹം കൂടി ഡയറക്ടറായ യങ് ഇന്ത്യന്‍ ലിമിറ്റഡിന് അസോസിയേറ്റ് ജേണലിന്റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തീരുമാനിക്കുന്നത്. അങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പ് നെഹ്‌റു തുടങ്ങുകയും ഫിറോസ് ഗാന്ധി നയിക്കുകയും ചെയ്ത പത്രത്തിന്റെയും ഉടമസ്ഥരായ കമ്പനിയുടെ മുഴുവന്‍ ആസ്തിയും സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണ്ടാസ് എന്നിവരുടെ നിയന്ത്രണത്തിലായി.

നെഹ്‌റുവില്‍നിന്ന് തുടങ്ങുന്നതാണ് അസോസിയേറ്റ് ജേണലിനും നാഷണല്‍ ഹെറാള്‍ഡിനും കോണ്‍ഗ്രസുമായുള്ള ബന്ധം. ഇതില്‍ ബിജെപി നേതാവ് സുബ്രഹ്ണ്യം സ്വാമി വലയെറിയുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആക്ഷേപം. നേരിട്ട് ഹാജരാകാന്‍ പട്യാല കോടതി സോണിയയ്ക്കും രാഹുലിനും നിര്‍ദേശം നല്‍കിയത് കോണ്‍ഗ്രസിന്റെ മൂര്‍ധാവിലേറ്റ ഇടിയായി. വിശ്വാസ വഞ്ചനയാണ് സ്വാമി ആക്ഷേപിക്കുന്ന കുറ്റം. ചുളുവിലയ്ക്ക് 2,000 കോടിയുടെ ആസ്തി നാല്‍വര്‍ സംഘം സ്വന്തമാക്കിയെന്ന കുറ്റം. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇക്കാരണത്താല്‍ പലതവണ ബഹളത്തില്‍ മുങ്ങി. ജിഎസ്ടി ബില്ലില്‍ ധാരണയാകന്‍ സോണിയയെയും മന്‍മോഹന്‍സിങിനെയും പ്രധാനമന്ത്രി മോഡി അടുത്തിടെയാണ് ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത്. അതിലൊട്ട് ധാരണയായില്ലെന്ന് മാത്രമല്ല, നാഷണല്‍ ഹറാള്‍ഡില്‍ തട്ടി എല്ലാം സമവായ സാധ്യതകള്‍ അടയുകയും ചെയ്തു.നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവിനെ സുപ്രീം കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്നായിരുന്നു വിധി വന്ന ആദ്യദിനം കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. രണ്ടാം ദിനം പക്ഷെ അത് മാറി.

കോണ്‍ഗ്രസ് എന്നാല്‍ ഇന്ദിര എന്നതില്‍നിന്ന് സോണിയയും രാഹുലും എന്ന മാറ്റമേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. നെഹ്‌റുവില്‍നിന്ന് നെഹ്‌റു കുടുംബത്തിലേക്കുള്ള വിധേയത്വം. നെഹ്‌റുവിന്റെ കാലത്ത് നാഷണല്‍ ഹെറാള്‍ഡിനെയായിരുന്നു സംരക്ഷിക്കേണ്ടിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് സ്വന്തമാക്കിയ നെഹ്‌റു കുടുംബത്തെയും. അത്രയേയുള്ളൂ വ്യത്യാസം. മോത്തിലാല്‍ വോറയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും വ്യക്തിപരമായ വിധേയത്വം സത്യസന്ധമായി കാട്ടി. പ്രവര്‍ത്തക സമിതിയിലെ മറ്റെല്ലാ അംഗങ്ങളും എകെ ആന്റണിയെ പോലെ മൗനത്തിലാണ്ടു.

ലാഭത്തിനായല്ല, ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് യങ് ഇന്ത്യന്‍ എന്ന കമ്പനി രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിച്ച മറുവാദം. ഒരു കമ്പനി മറ്റൊന്നിനെ ഏറ്റെടുക്കല്‍ സാധാരണഗതിയില്‍ നടക്കുന്ന ഒരു ഇടപാട്. കോണ്‍ഗ്രസുകാരന്‍ പോലുമല്ലാത്ത സുബ്രഹ്ണമ്യം സ്വാമിക്ക് ഇതിലെന്ത് കാര്യം. ഈ ചോദ്യങ്ങള്‍കൊണ്ട് എത്രകാലം പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്കാകും. രാഷ്ട്രീയമായി പ്രതിരോധത്തിലായ ബിജെപിക്ക് തിരിച്ചടിക്കാന്‍ ലഭിച്ച നല്ലൊരായുധമായി നാഷണള്‍ ഹെറാള്‍ഡ്. രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് ഇതിനെ നേരിടുമായിരിക്കും. പക്ഷെ 90 കോടി പാര്‍ട്ടി കടം കൊടുത്തിട്ടും, ആ കടം ഉള്‍പ്പടെ സോണിയയുടെ യങ് ഇന്ത്യന്‍ അത് ഏറ്റെടുത്തിട്ടും നാഷണല്‍ ഹെറാള്‍ഡ് ഇതുവരെ പുറത്തിറങ്ങിയില്ല.

Share this news

Leave a Reply

%d bloggers like this: