നാല്പത് വയസ്സിന്റെ നിറവില്‍ ലിയോ വരേദ്കര്‍; ഐറിഷ് പ്രധാനമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യം

അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ ഇന്ന് നാല്പതാം വയസിലേക്ക് പ്രവേശിച്ചു. രാഷ്ട്രീയ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു. 38 വയസുള്ളപ്പോഴാണ് ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതയേല്‍ക്കുന്നത്. സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടരാണ് വരേദ്കര്‍. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ലെ 36 -ആം ജന്‍മദിനത്തില്‍ ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്നു ലിയോ വരേദ്കര്‍ തുറന്നു പറഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

1979ല്‍ ജനിച്ച ലിയോ ഡബ്ളിനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജില്‍നിന്നാണ് മെഡിസിനില്‍ ബിരുദം കരസ്ഥമാക്കിയത്. അയര്‍ലന്‍ഡില്‍ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ലിയോയുടെ പ്രധാനമന്ത്രിപദത്തെ നോക്കി കണ്ടത്. ലിയോയുടെ പങ്കാളിയായ മാത്യു ബാരറ്റും ഡോക്ടറാണ്.

എന്‍ഡാ കെന്നിയുടെ ഒഴിവിലേക്ക് ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പ്രധാന എതിരാളിയായ സൈമണ്‍ കോവ്നിയെ അതിജീവിച്ച് പാര്‍ലമമെന്റിലെ വോട്ടെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രിയായ കോവ്നിയുമായി ഊഷ്മളമായ ബന്ധം അദ്ദേഹം ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. 28 ആം വയസില്‍ പാര്‍ലമെന്റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (2014-16), ഗതാഗതം, ടൂറിസം, സ്പോര്‍ട്സ് മന്ത്രിയായും (2011-14) പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

അടുത്തിടെ ബ്രെക്‌സിറ്റിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയായി വരേദ്കറിന്റെ നടപടികളെ ലോകമെങ്ങും ഉറ്റുനോക്കുന്നുണ്ട്. അയര്‍ലന്‍ഡ് ഇന്ന് നേരിടുന്ന എറ്റവും പ്രധാന പ്രശ്‌നങ്ങളായ ഭവന പ്രതിസന്ധിയും, ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും അതിജീവിക്കാനുള്ള കാര്യക്ഷമായ നടപടികളാണ് മലയാളികളുള്‍പ്പെടെയുള്ള ജനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: