നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ‘ഗംഗ’

മലയാള സിനിമയിലെ പുരസ്‌കാര സങ്കല്‍പങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കിയിരിക്കയാണ് വിനായകന്‍. കേരള സംസ്ഥാന സിനിമാ പുരസ്‌കാര ചരിത്രത്തില്‍ ഇതുവരെ സിനിമയിലെ നായക കഥാപാത്രങ്ങളായിരുന്നു മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിച്ചിരുന്നത്. അതിന് ഒരു അപവാദമാണ് വിനായകന് ലഭിച്ച മികച്ച നടനുള്ള പുരസ്‌കാരം. അവാര്‍ഡിനായി അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ നോമിനേഷനില്‍ പോലും വിനായകനെ സഹനടനുള്ള വിഭാഗത്തിലായിരുന്നു. തന്റെ പ്രകടന മികവ് ഒന്നുകൊണ്ട് മാത്രം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ വിനായകന് ഒരു പഴയ നഷ്ടം നികത്തുന്നുമുണ്ട്. 1999ല്‍ മികച്ച നടനുള്ള പുരസ്‌കാരം ഇഞ്ചോടിഞ്ചിന് വഴുതിപ്പോയ മണിക്ക് പകരമാകുകയാണ് വിനായകന്റെ ഈ നേട്ടം.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ അണിയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തയത് സഹനടനുള്ള വിഭാഗത്തിലാണെന്നതു തന്നെ മികച്ച നടന്‍ എന്നത് നായകന്‍ അഥവാ കേന്ദ്ര കഥാപാത്രത്തിന് ഊന്നല്‍ നല്‍കുന്നതാണെന്നത് ശരിവയ്ക്കുന്നു. മുമ്പ് പലേരയും അവാര്‍ഡിന് പരിഗണിക്കാതിരുന്നത് പോലും അവര്‍ ചിത്രത്തിലെ നായകനോ കേന്ദ്ര കഥാപാത്രമോ അല്ല എന്ന കാരണത്താലായിരുന്നു. ആ കീഴ് വഴക്കത്തെയാണ് വിനായകന്‍ പൊളിച്ചടുക്കിയത്.

കമ്മട്ടിപ്പാടത്തിലെ നായകനാരെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനോട് ചോദിച്ചാല്‍ അവര്‍ പറയുന്ന പേര് ദുല്‍ഖറിന്റേതായിരിക്കില്ല. പക്ഷെ കഥാഗതിയെ നിയന്ത്രിയിച്ച് സിനിമയെ മുന്നോട്ട് നയിക്കുന്നവന്‍, വില്ലനെ ഇല്ലായ്മ ചെയ്യുന്നവന്‍ എന്നീ സങ്കല്‍പങ്ങളില്‍ ദുല്‍ഖര്‍ തന്നെയാണ് നായകന്‍. എന്നാല്‍ താനല്ല മണികണ്ഠനും വിനായകനുമാണ് ചിത്രത്തിലെ നായകന്മാരെന്ന് ദുല്‍ഖര്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയുണ്ടായി.

കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ നായകര്‍ ഇവരാണ്, ഗംഗയും ബാലന്‍ ചേട്ടനും. ഗംഗയെ അവതരിപ്പിച്ച വിനായകന്‍ മികച്ച നടനായപ്പോള്‍ ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠന്‍ മികച്ച സഹനടനുമായി. കമ്മട്ടിപ്പാടം യഥാര്‍ത്ഥത്തില്‍ ഇവരുടെ കഥയായിരുന്നു. ഒരു നാടിന്റെ അതിജീവനത്തിന് വേണ്ടി ജീവന്‍ നല്‍കിയവര്‍. ഇവര്‍ മത്സരിച്ചഭിനയിക്കുകയാരുന്നു സിനിമയില്‍.

1999ലെ സംസ്ഥാന സിനിമാ പുരസ്‌കാരത്തിന്റെ അവസാന നിമിഷത്തില്‍ കലാഭവന്‍ മണി തള്ളപ്പെടുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മണിയെ പരിഗണിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിനാണ് അത്തവണത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന കലാഭവന്‍ മണി പുരസ്‌കാരം പ്രഖ്യാപിക്കപെട്ടപ്പോള്‍ ബോധംകെട്ടുവീണു.

മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ അവാര്‍ഡ് നിശകളില്‍ വിനായകനെ തഴഞ്ഞു. ഏഷ്യാനെറ്റ് അവാര്‍ഡില്‍ മികച്ച സഹനടനായി വിനായകനെ നോമിനേറ്റ് ചെയ്തിരുന്നെങ്കിലും അവസാന നിമിഷം അതും ലഭിച്ചില്ല. ഇതോടെ ഇത്തരം അവാര്‍ഡ് നിശകള്‍ക്കെതിരെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി എത്തി. സംസ്ഥാന അവാര്‍ഡിലും സോഷ്യല്‍ മീഡിയയില്‍ വിനായകനായുള്ള ക്യാമ്പയില്‍ ശക്തമായിരുന്നു.

പ്രമുഖ അവാര്‍ഡ് നിശകളിലെല്ലാം തഴയപ്പെട്ട വിനായകന് ആദ്യം അവാര്‍ഡ് നല്‍കിയത് സിനിമാപ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബാണ്. മികച്ച നടനുള്ള ആദ്യ പുരസ്‌കാരം അങ്ങനെ കമ്മട്ടിപ്പാടത്തെ ഗംഗയെ തേടി എത്തി. പിന്നീട് വനിത ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. പക്ഷെ അവിടെയും മികച്ച നടന്‍ എന്ന പുരസ്‌കാരം അന്യമായി നിന്നു. ഒടുവില്‍ അര്‍ഹമായ അംഗീകാരം വിനായകനെ തേടി എത്തി.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: