നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…

രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ ലംഘനങ്ങള്‍ക്ക് പിഴയുള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ ശുപാര്‍ശചെയ്യുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാര്‍ശകള്‍ അടങ്ങിയതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍.

ആംബുലന്‍സ് അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചാല്‍ 10,000 രൂപ പിഴയുള്‍പ്പെടെയാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. വെറു നൂറ് രൂപ ഈടാക്കി ഒഴിവാകാമായിരുന്ന ഹെല്‍മെറ്റില്ലാത്തെ വാഹനം ഓടിക്കല്‍ ഇനി ഗുരുതര നിയമ ലംഘനത്തിന്റെ പട്ടികയില്‍ പെടും. പിഴ തുക 1000 രൂപയാക്കി ഉയത്തുന്നതിനൊപ്പം മൂന്ന് മാസം ലൈസന്‍സ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയുമുണ്ടാകും.

നിലവില്‍ 400 രൂപ പിഴയൊടുക്കി രക്ഷപ്പെടാനായിരുന്ന അമിത വേഗത്തിന് 1,000 മുതല്‍ 2000 രൂപ വരെയായിരിക്കും ഇനി ഈടാക്കുക. മോട്ടര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്‌സികള്‍ക്കും റെന്റ് എ കാര്‍ സര്‍വീസുകള്‍ക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. 10,000 രൂപയാണ് മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഒടുക്കേണ്ടിവരിക. നിലവില്‍ 2000 രൂപയാണിത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയും പിഴ ചുമത്തപ്പെടും. നിലവില്‍ 1000 രൂപയാണിത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനോ, വാഹനമുടമയ്‌ക്കോ 25,000 രൂപ വരെ പിഴയും 3 വര്‍ഷം തടവും ലഭിക്കാവുന്നകുറ്റമാണ്. ഇതിന് പിന്നാലെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തും. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നിലവില്‍ 1000 രൂപയുണ്ടായിരുന്ന പിഴത്തുക 5000 രൂപയാക്കി ഉയര്‍ത്താനും ബില്ല് ശുപാര്‍ശ ചെയ്യുന്നു. ഇക്കാര്യം ഉള്‍പ്പെടെ വ്യവസ്ഥചെയ്യുന്ന ബില്‍ കഴിഞ്ഞ ലോക്‌സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പേ ലാപ്‌സായി പോയിരുന്നു.

Share this news

Leave a Reply

%d bloggers like this: