നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍; തെളിവുകള്‍ ലഭിച്ചുവെന്ന് പോലീസ്

കൊച്ചി: മൂന്നുമാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ , കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെ അറിയിച്ചത്. പാലാ മജിസ്ട്രേറ്റിനു മുന്നിലാവും ഹാജരാക്കുക. അറസ്റ്റ് വിവരം പോലീസ് കന്യാസ്ത്രീകളുടെ ബന്ധുക്കളെയും പഞ്ചാബ് പോലീസിനെയും അറിയിച്ചിരുന്നു. കോട്ടയം എസ് പിയാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിക്കും. രണ്ടു ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെടും. റിമാന്റ് റിപ്പോര്‍ട്ട് തയാറാക്കി. അറസ്റ്റ് മുന്നില്‍ക്കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിരുന്നു. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു.

അറസ്റ്റിനു മുമ്പുള്ള വ്യക്തതയ്ക്കായി ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ 9.50 ഓടെ കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. 20 മിനുട്ടോളം മാത്രമാണ് മൊഴിയെടുക്കല്‍ നീണ്ടുനിന്നത്. ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത ആവശ്യമാണെന്ന് വ്യാഴാഴ്ച പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. മൂന്നാംദിവസം ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്തു തന്നെയാണ് വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് എത്തിയത്.

കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ ഇപ്പോഴും ശരിയായി മനസിലാക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം സഭക്കെതിരെയല്ല നടത്തുന്നത്. തങ്ങള്‍ സഭക്കെതിരെ സമരം ചെയ്യുകയാണെന്നുള്ള ആരോപണങ്ങളില്‍ വിഷമമുണ്ട്. ഇതൊരിക്കലും കന്യാസ്ത്രീകളെ മാത്രം ഉദ്ദേശിച്ചായിരുന്നില്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും സിസ്റ്റര്‍ പറഞ്ഞു. സഭയില്‍ നിന്നു ഇങ്ങനെ ഒരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് അറസ്റ്റിലാകുമോ എന്ന പ്രതീക്ഷയൊന്നുമില്ല. അറസ്റ്റ് നടക്കുകയാണെങ്കില്‍ നടക്കട്ടെ. സമരം പതിനാലു ദിവസമായിട്ടും വേണ്ടത്ര നടപടികളൊന്നും സ്വീകരിച്ചു കണ്ടില്ല. ബിഷപ്പിനെ ചോദ്യം ചെയ്യല്‍ നീണ്ടു പോകുന്നതില്‍ ആശങ്കയുണ്ടെന്നും എല്ലാവരും ചേര്‍ന്ന് കബളിപ്പിക്കുകയാണോ എന്നും സംശയിക്കുന്നുണ്ടെന്നും സിസ്റ്റര്‍ അനുപമ പരാതിപ്പെട്ടു. ബിഷപ്പിനെ അറസ്റ്റു ചെയ്തുവെന്നറിഞ്ഞാല്‍ അതു വിശ്വസിക്കാമെന്നും അതല്ലാതെയുള്ള പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്തുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: