നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; 20-ന് ചര്‍ച്ച; വിട്ടുവീഴ്ചയ്ക്കില്ലെന്ന് നേഴ്സുമാര്‍

സര്‍ക്കാര്‍ 2013-ല്‍ നിശ്ചയിച്ച ശമ്പളംപോലും നഴ്സുമാര്‍ക്ക് നല്‍കുന്നില്ലെന്ന് ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. നഴ്സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് നിശ്ചയിച്ച തുക സംസ്ഥാനത്തെ 80 ശതമാനം സ്വകാര്യ ആശുപത്രികളും നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ നഴ്സുമാര്‍ക്ക് 11,000 രൂപയും ബിഎസ്സി നഴ്സുമാര്‍ക്ക് 12,000 രൂപയും നിശ്ചയിച്ചാണ് 2013-ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. എന്നാല്‍ ഇത് ഇതുവരെ നടപ്പാക്കാന്‍ പല ആശുപത്രി മാനേജ്മെന്റുകളും തയാറായിട്ടില്ലെന്ന് സര്‍ക്കാരിനോട് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രികളിലെ ജനറല്‍ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ ഉറപ്പ് നഴ്സുമാര്‍ തള്ളി. മാനേജ്മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) വ്യക്തമാക്കി. കഴിഞ്ഞ 10-ാം തീയതി ചേര്‍ന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ച പ്രകാരം ശമ്പളം നല്‍കാമെന്നാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മാനേജ്മെന്റുകള്‍ സമ്മതിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ ചെയ്യുന്ന സമരം തുടരുന്ന സാഹചര്യത്തില്‍ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഈ മാസം 20-ന് സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി നഴ്സുമാരുടെ സംഘടന, ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന് ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കില്ലെന്നാണ് നഴ്സുമാരുടെ നിലപാട്.

17,200 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കുറഞ്ഞ ശമ്പളം. ഇത് പോരാ എന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്ത 20,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. നേരെത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോാടെ 17-നു ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന അനിശ്ചിതകാല സമരം 19-ലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്നാണ് നഴ്സിങ് സംഘടനകള്‍ പറയുന്നത്. യു.എന്‍.എ സമരം നീട്ടിവച്ചെങ്കിലും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ തിരുവനന്തപുരം, കൊല്ലം കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 17 മുതല്‍ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടു പോകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വിവാദവുമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സമരത്തെ തുടര്‍ന്ന് ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത് സമരം ചെയ്യുന്ന നഴ്സുമാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ 18 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടികളുമായിട്ടാണ് കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്.

സമരം നടക്കുന്ന ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യമാണ് ജില്ലാ ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്താന്‍ കാരണമായി പറയുന്നത്. സമരത്തെ തകര്‍ക്കാര്‍ സര്‍ക്കാര്‍, മാനേജ്‌മെന്റുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സമാധാനപരമായി പോകാന്‍ ആഗ്രഹിക്കുന്ന സമരത്തെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടിയെന്നുമാണ് യുഎന്‍എ ഇതിനോട് പ്രതികരിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുഎന്‍എ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: