നഴ്‌സുമാരുടെ സമരം: അന്തിമചര്‍ച്ച ഫലം ചെയ്യുമെന്ന പ്രതീക്ഷയില്‍ വരേദ്കാര്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ നടത്താനിരിക്കുന്ന സമരം നാളെ മുതല്‍ ആരംഭിക്കും. സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സമരം മാറ്റി വെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പറഞ്ഞു.

നാളെ രാജ്യത്തെ ഏഴു ഹോസ്പിറ്റലുകളിലെ നഴ്‌സുമാര്‍ രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് 4 വരെയുള്ള സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതമാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ സമരനടപടികളുമായി മുന്നോട്ട് പോകാനാണ് നഴ്‌സുമാരുടെ തീരുമാനം. കഴിഞ്ഞയാഴ്ച വര്‍ക്ക്‌പ്ലേസ് റിലേഷന്‍ കമ്മീഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. നാളത്തെ സമരം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് വരേദ്കര്‍ അറിയിച്ചു. എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാര്‍, നഴ്‌സിംഗ് യൂണിയനുകള്‍ എന്നിവരാണ് സമരത്തിനാഹ്വാനം ചെയ്തിരിക്കുന്നത്. അത് പിന്‍വലിക്കാനുള്ള തീരുമാനവും അവര്‍ തന്നെയാണെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന ശസ്ത്രക്രിയകള്‍ മാറ്റി വെച്ചിട്ടുണ്ട്. ബ്യൂമണ്ട് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ വരുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്യൂമോണ്ട്, താല, കോര്‍ക്ക്, കാവന്‍, വാട്ടര്‍ഫോര്‍ഡ്, ടുലാമോര്‍, ഗാല്‍വേ എന്നിവിടങ്ങളിലെ ഹോ്‌സ്പിറ്റലുകളിലാണ് നാളെ സമരം നടക്കുന്നത്. നഴ്‌സുമാരുടെ സമരം ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്നറിയാത്തതിനാല്‍ രോഗികള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണിമുതല്‍ നാളെ രാവിലെ 7 മണിവരെ രോഗികള്‍ക്ക് ചികിത്സ സംബന്ധമായ വിവരങ്ങളറിയാന്‍ (01)809 3350 എന്ന നമ്പറില്‍ വിളിക്കാം.

-എജെ-

Share this news

Leave a Reply

%d bloggers like this: