അയര്‍ലന്‍ഡിലെ നഴ്‌സിംഗ് ഷിഫ്റ്റുകള്‍ കഠിനം; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകു മെന്ന് പഠനം

 

ഡബ്ലിന്‍: 12 മണിക്കൂര്‍ വരെ നീളുന്ന നഴ്‌സിംഗ് ഷിഫ്റ്റുകള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ശാരീരിക ബുദ്ധിമുട്ടും ജോലിയിലെ അസംതൃപ്തിക്കും നീണ്ട ഷിഫ്റ്റുകള്‍ കാരണമാകും. 31,000 ആശുപത്രി നഴ്‌സുമാരെക്കുറിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 12 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ അധികരിച്ച് നടത്തിയ സര്‍വേയില്‍ നീണ്ട ഷിഫ്റ്റുകള്‍ ഏറ്റവും സാധാരണമായത് ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും 27 ശതമാനം പേര്‍ ഉയര്‍ന്ന വൈകാരിക തളര്‍ച്ച അനുഭവപ്പെടുന്നതായി വെളിപ്പെടുത്തി. 10 ശതമാനം പേര്‍ ഡിപേഴ്‌സണലൈസേഷന്‍ അനുഭവപ്പെടുന്നതായും 17 ശതമാനം പേര്‍ അസംതൃപ്തമായ ജീവിതം നയിക്കുന്നവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. 26 ശതമാനം പേര്‍ ജോലിയില്‍ അസംതൃപ്തരാണ്. 25 ശതമാനം പേര്‍ തങ്ങളുടെ വര്‍ക്ക് ഷെഡ്യൂളില്‍ അസംതൃപ്തരാണ്. 33 ശതമാനം പേര്‍ നിലവിലെ ജോലി ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നവരാണ്.

12 മണിക്കൂറും അതിലധികവുമുള്ള ഷിഫ്റ്റുകള്‍ പല രാജ്യങ്ങളിലും സാധാരണമാണെന്ന് റിസര്‍ച്ചേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡില്‍ 79 സതമാനം പേരും ഇംഗ്ലണ്ടില്‍ 36 ശതമാനം പേരും പോളണ്ടില്‍ 99 ശതമാനം പേരും 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍വേ നടത്തിയ നഴ്‌സുമാരില്‍ 27 ശതമാനവും ഏറ്റവും അവസാനത്തെ ഷിഫ്റ്റില്‍ ഓവര്‍ ടൈം ജോലി ചെയ്തവരാണെന്ന് വ്യക്തമാക്കി. Southampton യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. എട്ടുമണിക്കൂറിലധികമുള്ള ഷിഫ്റ്റുകള്‍ ഉചിതമാണോ എന്ന പരിശോധിക്കേണ്ടതാണെന്ന് പഠനം നിര്‍ദേശിക്കുന്നു. നഴ്‌സുമാരുടെ അഭാവം നേരിടാനുള്ള പോംവഴിയായി നിലവില്‍ ജോലി ചെയ്യുന്നവരെ ഓവര്‍ ടൈം ജോലി ചെയ്യിക്കുന്നത് ശരിയായ മാര്‍ഗമല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സര്‍വേയില്‍ ജോലി സംബന്ധമായ 118 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സര്‍വെയില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 38 വയസും 92 ശതമാനത്തോളം പേര്‍ സ്ത്രീകളുമായിരുന്നു. 50 ശതമാനം പേരുടെയും ഷിഫ്റ്റ് 8 മണിക്കൂറോ അതില്‍ താഴെയോ ആയിരുന്നു. 31 ശതമാനം പേര്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരും 4 ശതമാനം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരും 14 ശതമാനം പേര്‍ 12 മുതല്‍ 13 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുമായിരുന്നു. 1 ശതമാനം 13 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ജേണലായ BMJ Open ല്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അയര്‍ലന്‍ഡ്, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, സ്‌പെയില്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍ എ്ന്നിവിടങ്ങളിലുള്ള നഴ്‌സുമാരുടെ ഇടയിലാണ് പഠനം നടത്തിയത്. നഴ്‌സുമാരുടെ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണ്ണമെന്നും പഠനം ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു.

 

Share this news

Leave a Reply

%d bloggers like this: